സേതുരാമയ്യരുടെയും സഹപ്രവർത്തകരുടെയും പുതിയ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പുതിയ കേസുകളും കഥകളുമായി സിബിഐ 5 നാളെ റിലീസ് ചെയ്യുമ്പോൾ ചിത്രത്തിൽ ഒത്തിരി മാറ്റങ്ങളും അണിയറ പ്രവർത്തകർ വരുത്തിയിട്ടുണ്ട്. ദുബായിൽ നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.
' സേതുരാമയ്യർ ഒരു പഴയ ആളാണ്. അതുകൊണ്ട് സിനിമയിൽ വലിയ പുതുമയൊന്നും പ്രതീക്ഷിക്കരുത്. അയാളുടെ അന്വേഷണ രീതികളിലും പുതുമയൊന്നുമില്ല. പുതിയ സാങ്കേതിക വിദ്യ അധികം ആശ്രയിക്കാത്ത കേസന്വേഷണ രീതിയാണ് ഇതിലും.
പക്ഷേ, പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കും. കണ്ടു ശീലിച്ച വളരെ ചടുലമായ അന്വേഷണ രീതികൾക്ക് പകരം വളരെ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ അന്വേഷിക്കുന്ന രീതിയാണ് സേതുരാമയ്യരുടേത്.
നാല് പടത്തിലും വിശ്വസിച്ചതുപോലെ ഇതിലും നിങ്ങൾക്ക് സേതുരാമയ്യരെ വിശ്വസിക്കാം, എസ് എൽ സ്വാമിയെ വിശ്വസിക്കാം. ഞാനും ആ വിശ്വാസത്തിൽ തന്നെയാണ് സിനിമ ചെയ്തിരിക്കുന്നത്.
ജഗതി ശ്രീകുമാറും ചിത്രത്തിലുണ്ട്. സിനിമയുടെ പ്രധാന ഭാഗത്ത് അദ്ദേഹം എത്തുന്നുണ്ട്. അത് നിങ്ങൾ കണ്ടു തന്നെ മനസിലാക്കണം. ഷൂട്ടിംഗ് സമയത്ത് ഞങ്ങളെല്ലാം വളരെ വികാരാധീനരായി പോയിട്ടുണ്ട്.
അദ്ദേഹത്തിലെ നടനെ മലയാള സിനിമ വളരെയധികം മിസ് ചെയ്യുന്നുണ്ട്. ജഗതി ശ്രീകുമാറിനെ വെറുതേ ഒരു കുശലാന്വേഷണത്തിന്റെ ഭാഗമായിട്ടല്ല കൊണ്ടുവന്നിരിക്കുന്നത്.
ഇപ്പോൾ ആദ്യ ഷോ കഴിയുന്നതിന് മുന്നേ തന്നെ കഥ എല്ലാവരും അറിയും. കഥ എങ്ങനെയൊക്കെ സ്പോയിൽ ചെയ്താലും ആൾക്കാർ അവരവര് കണ്ട് ബോദ്ധ്യപ്പെടുന്നതുവരെ കാണുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കാരണം കഥ അറിയാനല്ല, സിനിമ കാണാനാണ് പ്രേക്ഷകരെത്തുന്നത്. കഥ കേട്ടാൽ സിനിമ പൊളിയുമായിരുന്നെങ്കിൽ സിബിഐയുടെ ഒന്നാം ഭാഗം തന്നെ പൊളിയണ്ടേ...
ഇത്തവണ പുതിയ ആൾക്കാരൊക്കെ സിനിമയിലെത്തുന്നുണ്ട്. പിഷാരടി ഇതിൽ സിബിഐ ഓഫീസറാണ്, കാര്യങ്ങളൊക്കെ അപ്പോ നിങ്ങൾക്ക് ആലോചിക്കാവുന്നതേയുള്ളൂ. ഇത്രയും രസികനായ ഒരാൾ സിബിഐയായി വന്നാലുള്ള കാര്യം ആലോചിച്ച് നോക്കൂ. "
