കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകമായിരുന്നു പെരുന്നാൾ. പള്ളി മിനാരങ്ങളിലൂടെ തഖ്ബീർ ധ്വനികൾ മുഴങ്ങുമ്പോൾ ഞങ്ങൾ കുട്ടികളുടെ മനസ്സിൽ സന്തോഷത്തിന്റെ ചനിലാവുദിക്കും.നോമ്പെത്തിയാൽ പിന്നെ പെരുന്നാളിനുള്ള കാത്തിരിപ്പാവും. പുത്തൻ വസ്ത്രവും ചെരിപ്പും കിട്ടുന്നത് അന്നാണ്.വർഷങ്ങളെത്ര കഴിഞ്ഞു, ഇന്നും പെരുന്നാൾ ഓർമ്മകളിൽ ആ കാലത്തിന്റെ മണമെല്ലാമുണ്ട്." പെരുന്നാൾ ഓർമ്മപങ്കുവച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
പെരുന്നാൾ ദിവസം അതിരാവിലെ കുളിച്ചശേഷം തേച്ച് മടക്കിവച്ച ഷർട്ടെടുത്ത് മുഖത്തോട് ചേർത്തുപിടിക്കും. കൊതിപ്പിക്കുന്നൊരു പുതുമണം. എപ്പോഴും ഡ്രസ്സെടുക്കുന്ന ഇക്കാലത്ത് ഒരുപക്ഷെ കുട്ടികൾക്കൊന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടാവണമെന്നില്ല. ബാപ്പയുടെ കൂടെ പാണക്കാട്ടെ പള്ളിയിൽ പെരുന്നാൾ നമസ്ക്കാരത്തിന് പോവും. തുടർന്ന് ബന്ധുവീടുകൾ സന്ദർശിക്കും. ശേഷം പാണക്കാട്ടെ തറവാട്ടിലെത്തും. ഇവിടെ വച്ചാണ് പ്രധാന ഭക്ഷണം കഴിക്കുക. ഇന്നത്തെ പോലെ പെരുന്നാളിന് കൂടുതൽ വിഭവങ്ങളൊന്നും ഉണ്ടാവില്ല. തേങ്ങാച്ചോറും ബീഫ് കറിയുമാണ് അന്നത്തെ സ്പെഷൽ വിഭവങ്ങൾ. ചോറിലേക്ക് തേങ്ങയും മഞ്ഞൾപൊടിയുമിട്ട് ഉണ്ടാക്കുന്ന വിഭവമാണ് തേങ്ങാച്ചോർ. ഉച്ചയ്ക്ക് ശേഷം ഉമ്മയുടെ വീടായ കോഴിക്കോട്ടേക്ക് പോവും. കോഴിക്കോട്, കൊയിലാണ്ടി ഭാഗങ്ങളിലാണ് ബന്ധുക്കൾ ഏറെയുള്ളത്. കോഴിക്കോട് ഭാഗത്ത് കുട്ടികൾക്ക് പെരുന്നാൾ പൈസ നൽകുന്ന ഏർപ്പാടുണ്ടായിരുന്നു. അമ്മാവന്മാരും മറ്റും പെരുന്നാൾ പൈസയെന്ന് പറഞ്ഞ് ഒരു രൂപയുടെയും രണ്ട് രൂപയുടെയുമൊക്കെ പുത്തൻനോട്ട് നൽകും. അതൊക്കെ കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല."കുട്ടിക്കാലത്തേക്ക് നടന്നപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മുഖത്ത് ചെറുപ്പത്തിന്റെ പ്രസരിപ്പ്. ഓർമ്മകൾ വന്നുതൊട്ടതോടെ അക്കാലം അദ്ദേഹം പറഞ്ഞു തുടങ്ങി...
'' അന്നത്തെ പ്ലാസ്റ്റിക് ചെരുപ്പിന് പോലും നല്ല മണമായിരുന്നു. പെരുന്നാളിന് പുത്തൻ ചെരുപ്പ് കിട്ടിയാൽ ഞങ്ങൾ കുട്ടികൾ ആദ്യമത് കൈയിലെടുത്ത് വാസനിക്കും. സുഗന്ധം പോലെ കൊതിപ്പിക്കുന്നൊരു മണം. വർഷങ്ങളെത്ര കഴിഞ്ഞു, ഇന്നും പെരുന്നാൾ ഓർമ്മകളിൽ ആ കാലത്തിന്റെ മണമെല്ലാമുണ്ട്.
കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകമായിരുന്നു പെരുന്നാൾ. പള്ളി മിനാരങ്ങളിലൂടെ തഖ്ബീർ ധ്വനികൾ ഒഴുകുമ്പോൾ ഞങ്ങൾ കുട്ടികളുടെ മനസ്സിൽ സന്തോഷത്തിന്റെ ചന്ദ്രനിലാവുയരും. നോമ്പെത്തിയാൽ പിന്നെ പെരുന്നാളിനുള്ള കാത്തിരിപ്പാവും. പുത്തൻ വസ്ത്രവും ചെരിപ്പും കിട്ടുന്നത് അന്നാണ്. ജേഷ്ഠൻ ഉമറലി ശിഹാബ് തങ്ങളെയാണ് വീട്ടിലുള്ള എല്ലാവർക്കും ഡ്രസ്സും മറ്റ് സാധനങ്ങളും വാങ്ങിക്കാൻ ബാപ്പ സയ്യിദ് പുക്കോയ തങ്ങൾ ചുമതലപ്പെടുത്തുക. വീട്ടിലെ ജോലിക്കാരടക്കം എല്ലാവർക്കും ബാപ്പയുടെ വകയായി വസ്ത്രം വാങ്ങും. കോഴിക്കോട് മിഠായി തെരുവിൽ നിന്നാണ് ഡ്രസ്സും ചെരുപ്പുമെല്ലാം വാങ്ങുക. ഡ്രസ്സ് വാങ്ങിക്കാൻ ഞങ്ങൾ കുട്ടികളെയൊന്നും കൊണ്ടുപോവില്ല. കുട്ടികൾക്ക് ഷർട്ടും പാന്റും തയ്ക്കാനുള്ള തുണി ഒന്നിച്ച് വാങ്ങിക്കും. കൊതിച്ചു കിട്ടുന്ന ആ വസ്ത്രത്തിന് എന്ത് ഭംഗിയാണെന്ന് അറിയോ. തുണി കിട്ടിയാൽ പിന്നെ ഇരിയ്ക്കപൊറുതിയുണ്ടാവില്ല. മലപ്പുറം നഗരത്തിലെ പീപ്പിൾസ് ടൈലേഴ്സിലെ ഹൈദ്രുക്കയുടെ അടുത്തെത്തി തുണി തയ്ക്കാൻ നൽകും. പിന്നെ എത്രയും പെട്ടെന്ന് ഡ്രസ്സ് കിട്ടാനുള്ള കാത്തിരിപ്പാവും. പുതുമണമേകുന്ന പുത്തൻ ഡ്രസ്സുമിട്ട് ബാപ്പയ്ക്കൊപ്പം പെരുന്നാൾ നമസ്ക്കാരത്തിന് പള്ളിയിലേക്ക് പോവുന്ന കാഴ്ചയാവും പിന്നെയുള്ള ദിവസങ്ങളിൽ മനസ്സ് നിറയെ. ഡ്രസ്സ് തയ്ച്ചു തരാമെന്നേറ്റ ദിവസം നേരെ ഹൈദ്രുക്കയുടെ കടയിലേക്കാവും നടത്തം. മൂപ്പര് പലപ്പോഴും പറ്റിക്കും. ഇന്നാണല്ലേ തരാമെന്ന് പറഞ്ഞത്, അയ്യോ ഞാൻ മറന്നു, കുടുക്ക് കൂടി തുന്നാനുണ്ട്... ഇങ്ങനെ ഹൈദ്രുക്കയുടെ പതിവ് ഉത്തരങ്ങൾ കേട്ട് സങ്കടത്തോടെ തിരിച്ചുപോരും. അന്ന് മലപ്പുറത്ത് അധികം തയ്യൽ കടയൊന്നുമില്ല. പെരുന്നാളിന് ഇഷ്ടം പോലെ തയ്ക്കാനുണ്ടാവും. അതുകൊണ്ടുതന്നെ നേരത്തെ തയ്ച്ചുകൊടുക്കാൻ ആഗ്രഹിച്ചാലും ഹൈദ്രുക്കയ്ക്ക് കഴിയില്ല. പക്ഷെ അന്നത്തെ കുട്ടി മനസ്സിന് ഇതൊന്നും മനസ്സിലാക്കാൻ കഴിയില്ലല്ലോ. പെരുന്നാളിന് മാത്രമാണ് ഡ്രസ്സ് കിട്ടാറുള്ളത്. കല്യാണമോ വലിയ വിശേഷങ്ങളോ ഉണ്ടാവുമ്പോൾ ചിലപ്പോൾ ഡ്രസ്സ് വാങ്ങിക്കും. ആറ്റുനോറ്റു കിട്ടുന്ന ഡ്രസ്സാണ്, പിന്നെ സങ്കടം വരാതിരിക്കുമോ.
ഒരു കാരക്ക ആറാക്കിയ നോമ്പ് കാലം
ചെറിയ പ്രായത്തിലെ നോമ്പെടുക്കാൻ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചകളിൽ നോമ്പെടുത്തായിരുന്നു തുടക്കം. ബദർ ദിനത്തിലും 27-ാം രാവിലും മിക്കവാറും കുട്ടികളെല്ലാം നോമ്പെടുക്കും. നോമ്പിന്റെ പരിശീലനങ്ങൾ ഇങ്ങനെയായിരുന്നു. പത്ത് വയസായപ്പോഴേക്കും എല്ലാ നോമ്പും എടുക്കുന്ന തരത്തിലേക്ക് മാറി. നോമ്പിന് രാവിലെ പത്ത് മണി വരെ മദ്രസയുണ്ടാവും. ഖുർആൻ പാരായണം മാത്രമാവും ഉണ്ടാവുക. മറ്റ് വിഷയങ്ങളൊന്നും പഠിപ്പിക്കില്ല. നോമ്പിന് സമയം തള്ളിനീക്കാൻ വേണ്ടി നാട്ടിലെ ഇടവഴികളിലൂടെ നടക്കുക അന്നത്തെ വലിയ കൗതുകമുള്ള കാര്യമായിരുന്നു. പാണക്കാട്ടെ ഓരോ വഴികളും മനഃപാഠമാക്കിയത് അക്കാലത്താണ്. എല്ലാ നമസ്കാരത്തിനും പള്ളിയിൽ പോവും. ഖുർആൻ പാരായണത്തിൽ ഏർപ്പെടും. എല്ലാ പള്ളികളിലും ളുഹർ നമസ്കാര ശേഷം പ്രഭാഷണമുണ്ടാവും. ചിലപ്പോൾ പള്ളിയിൽ കിടന്നുറങ്ങും.
നോമ്പെടുത്താൽ സ്പെഷൽ വിഭവം ഉണ്ടാക്കിതരാമെന്ന് കുട്ടികളോട് ഉമ്മമാർ പറയും. നോമ്പെടുക്കാൻ പ്രലോഭിപ്പിക്കുകയാണ് ലക്ഷ്യം. എന്റെ ഉമ്മയും ഞങ്ങളോട് ഇങ്ങനെ പറയാറുണ്ടായിരുന്നു. ഇന്നത്തെ പോലെ നോമ്പ് തുറ മഹാമാമാങ്കമാക്കുന്ന പരിപാടികളൊന്നുമില്ല. എണ്ണ പലഹാരങ്ങളൊന്നും അന്ന് പാണക്കാട്ടെ വീട്ടിലെ നോമ്പ് തുറയ്ക്ക് ഉണ്ടായിരുന്നില്ല. ഉണങ്ങിയ കാരക്കയും വെള്ളവും കൊണ്ടാവും നോമ്പ് തുറ. ഒരുകാരക്ക തന്നെ ആറ് ചീളുകളാക്കി ഇതിൽ ഒരുകഷ്ണമാവും ലഭിക്കുക. ഇന്നത്തെ പോലെ ഈത്തപ്പഴങ്ങളൊന്നും അന്ന് കിട്ടാറില്ല. പലപ്പോഴും ഹജ്ജിന് പോയി വരുന്നവർ നൽകുന്ന കാരക്ക നോമ്പ് കാലത്തേക്ക് സൂക്ഷിച്ചുവയ്ക്കും. നാട്ടിൽ നിന്ന് വാങ്ങാൻ കിട്ടുന്നതും ഉണങ്ങിയ കാരക്കയാവും. ചെറിയ പത്തിരിയാണ് പ്രധാന വിഭവം. ബാപ്പയുടെ കാലത്ത് നെൽവയലുണ്ടായിരുന്നു. ഇവിടെ നിന്നുള്ള അരി ഉരലിൽ ഇടിച്ച് പൊടിയാക്കി മാറ്റും. ചുവന്ന തവിടുള്ള അരിയാവുമിത്. ഇതുവച്ച് ഉണ്ടാക്കുന്ന പത്തിരി അടുപ്പിൽ വേവുമ്പോൾ തന്നെ പ്രത്യേക മണം പരക്കും. ഈ പത്തിരിയിൽ തേങ്ങാപാൽ മുക്കി കഴിക്കും. കൂടെ ബീഫ് കറിയുമുണ്ടാവും. അതിഥികൾ ഉണ്ടെങ്കിൽ കോഴിക്കറിയും ഉണ്ടാക്കും. വീട്ടിലെ കോഴിയെ തന്നെയാവും ഇതിന് ഉപയോഗിക്കുക. കുട്ടികൾ എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൂട്ടംകൂടി തറാവീഹ് നമസ്കാരത്തിന് പോവുന്നത് തന്നെ പ്രത്യേക ഹരമാണ്. തിരിച്ച് വീട്ടിൽ വരുമ്പോൾ മുത്തായമുണ്ടാവും. മിക്ക വീടുകളിലും കഞ്ഞിയും പുഴുക്കുമാവും ഉണ്ടാവുക. എന്നാൽ പാണക്കാട്ടെ തറവാട്ടിൽ ചായയും പലഹാരങ്ങളുമാവും. എന്റെ ഉമ്മ, ജേഷ്ഠന്മാരുടെ ഭാര്യമാർ എല്ലാം കോഴിക്കോട്ടുകാരാണ്. ബാപ്പയുടെ പെങ്ങളെയും കോഴിക്കോട്ടേക്കാണ് കല്യാണം കഴിപ്പിച്ചത്. കോഴിക്കോടിന്റെ സ്വാധീനം പലഹാരങ്ങളുടെ കാര്യത്തിൽ വീട്ടിലുണ്ടാവും. സേമിയ, മുട്ട വിഭവങ്ങൾ, മുട്ടമാല, അലീസ ഇതൊക്കെ മാറിമാറി ഉണ്ടാക്കും. ഇതൊക്കെ ഞങ്ങൾ കുട്ടികളുടെ പ്രധാന ആകർഷണമായിരുന്നു.

മുതിർന്നപ്പോൾ ഒത്തുകൂടുന്ന കാലം
ബാപ്പയുടെ മരണത്തിന് ശേഷം മൂത്തജേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലേക്ക് മുസ്ലിം ലീഗിനെ നയിക്കാനുള്ള ഉത്തരവാദിത്വമെത്തി. ജേഷ്ടന്മാരായ ഹൈദരലി ശിഹാബ് തങ്ങൾക്കും ഉമറലി ശിഹാബ് തങ്ങൾക്കും എനിക്കും രാഷ്ട്രീയ, സാമുദായിക രംഗങ്ങളിൽ കൂടുതൽ ഉത്തരവാദിത്വങ്ങളെത്തി. കുടുംബാംഗങ്ങൾ എല്ലാവരും യാത്രകളിലും തിരക്കുകളിലുമാവും. ഒരുമിച്ചു കൂടുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ പെരുന്നാളിന് എല്ലാവരും ഒരുമിച്ചുണ്ടാവും. തമാശകളും കളിചിരികളും പാണക്കാട്ടെ വീട്ടിലുയരും. ജേഷ്ഠന്മാരൊക്കെ പുതിയ വീടുകൾ വച്ചതോടെ പെരുന്നാൾ നമസ്കാരം കഴിഞ്ഞാൽ പിന്നെ അവരുടെ വീടുകൾ സന്ദർശിക്കുകയായിരുന്നു ആദ്യ പരിപാടി. ഇതിൽ ഏതെങ്കിലും ഒരുവീട്ടിലാവും പ്രധാന ഭക്ഷണമുണ്ടാവുക. അവിടെ എല്ലാവരും ഒത്തുകൂടും. ഉച്ചയ്ക്ക് ശേഷം ഭാര്യാ വീട്ടിലേക്ക് പോവുന്നതാണ് പതിവ്.
ആഘോഷമില്ലാത്ത പെരുന്നാൾ
ജേഷ്ഠൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് ഇത്തവണ പെരുന്നാളിന് പാണക്കാട്ട് വലിയ ആഘോഷമൊന്നുമില്ല. പാണക്കാട്ടെ വീട്ടിൽ കുട്ടികളുമായി കൂട്ടുകൂടാനും തമാശ പറയാനുമൊക്കെ ഹൈദരലി തങ്ങൾ മുന്നിലുണ്ടാവും. നേതാക്കന്മാരാവുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ പൊട്ടിച്ചിരിക്കാനും തമാശ പറയാനുമൊക്കെ ചില നിയന്ത്രണങ്ങളുണ്ടാവും. ഇതൊന്നുമില്ലാത്ത ഒരുദിനമാണ് പെരുന്നാൾ. തമാശ പറയുന്നതിൽ ഹൈദരലി തങ്ങൾ ഉശാറായിരുന്നു. കുടുംബ കാരണവരെന്ന നിലയിൽ മിക്കവാറും അദ്ദേഹത്തിന്റെ വീട്ടിലാവും പെരുന്നാളിന് എല്ലാവരും ഒരുമിച്ച് കൂടുക. അദ്ദേഹമില്ലാത്ത ആദ്യ പെരുന്നാൾ വരുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങലാണ്.