xiaomi

കൊച്ചി: ചൈനീസ് മൊബൈൽഫോൺ നിർമ്മാതാക്കളായ ഷവോമി ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഷവോമി ഇന്ത്യയുടെ 5,551.27 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (ഫെമ) ചട്ടം ലംഘിച്ച് കമ്പനി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വിദേശത്തെ മൂന്ന് സ്ഥാപനങ്ങളിലേക്ക് 5,551.27 കോടി രൂപ അയച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാല് അക്കൗണ്ടുകളിലുണ്ടായിരുന്ന പണമാണ് കണ്ടുകെട്ടിയത്.

ചൈനയിലെ മാതൃസ്ഥാപനത്തിന്റെ നിർദ്ദേശാനുസരണമാണ് പണം അയച്ചതെന്ന് ഇ.ഡി വ്യക്തമാക്കി. ഷവോമി ഗ്രൂപ്പിന്റെ മറ്റൊരു ഉപസ്ഥാപനത്തിലേക്കും അമേരിക്കയിലെ രണ്ട് കമ്പനികളിലേക്കുമാണ് പണം അയച്ചത്. ബാങ്കുകളെ കബളിപ്പിച്ച് 'റോയൽറ്റി"യായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പണം അയയ്ക്കുകയായിരുന്നു. ഇതിന്റെ ഗുണഭോക്താവ് ഷവോമി ഗ്രൂപ്പ് തന്നെയായിരുന്നു.

2014ലാണ് ഷവോമി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്. 2015 മുതൽ കമ്പനി വിദേശത്തേക്ക് പണമയയ്ക്കുന്നുണ്ട്.