
കൊൽക്കത്ത: തുടർച്ചയായ രണ്ടാം ഐ ലീഗ് കിരീടത്തിലേക്കുള്ള യാത്രയിൽ ഒരു പടികൂടി അടുത്ത് ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഗോകുലം ചരിത്രനേട്ടത്തിലേക്ക് ഒരു ചുവട് കൂടി അടുത്തത്. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. ഇനി ആറു പോയിന്റ് കൂടി സ്വന്തമാക്കിയാൽ ഗോകുലത്തിന് വീണ്ടും കിരീടം കേരളത്തിലെത്തിക്കാം.
ചർച്ചിലിനെതിരേയുള്ള സമനിലയോടെ ഐ ലീഗിൽ തോൽവി അറിയാതെ 19 മത്സരം പൂർത്തിയാക്കി റെക്കോർഡ് സൃഷ്ടിക്കാനും ഗോകുലത്തിന് കഴിഞ്ഞു. കിരീടത്തിലേക്ക് കുതിക്കുന്ന ഗോകുലം ജയം തേടിയാണ് ഇറങ്ങിയതെങ്കിലും ചർച്ചിൽ ബ്രദേഴ്സിനെ തോൽപിക്കാൻ കഴിഞ്ഞില്ല. ആദ്യ ഗോളിനായി ഗോകുലം കേരള ശ്രമിക്കുന്നതിനിടെ ഗോകുലത്തെ ഞെട്ടിച്ച് ചർച്ചിൽ ആദ്യ ഗോൾ സ്വന്തമാക്കി. 15ാം മിനിട്ടിൽ കെന്നത്ത് ഇകെൻചുവയായിരുന്നു ചർച്ചിലിന് വേണ്ടി ഗോൾ നേടിയത്. ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലായ ഗോകുലം കേരള ചർച്ചിൽ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
38ാം മിനിട്ടിൽ ഫ്ളച്ചർ ഗോകുലത്തിന് വേണ്ടി സമനില ഗോൾ സമ്മാനിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.
14 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ഗോകുലം കേരള തന്നെയാണ് ഇപ്പോഴും പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മെയ് മൂന്നിന് നെരോക്ക എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.