
മുംബയ്: പതിവിന് വിപരീതമായി രാജസ്ഥാൻ താരങ്ങൾ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ചയായിരുന്നു മുംബയ് ഇന്ത്യൻസിനെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ കണ്ടത്. സിക്സറുകൾ അടിക്കുന്നതിൽ മികവ് പുലർത്തുന്ന രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ട്‌ലർ പോലും 15 ഓവർ ആയിട്ടും ഒരിക്കൽ പോലും പന്ത് അതിർത്തി കടത്തിയിരുന്നില്ല. ഡാനിയൽ സാംസ് എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ അവസാനം കമന്റേറ്റർ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ കമന്റേറ്റർ ഇത് പറഞ്ഞ് തീരുന്നതിന് മുമ്പ് ബട്ട്‌ലറിന്റെ വക നാല് സിക്സറുകൾ എത്തി. ഹൃതിക് എറിഞ്ഞ 15ാം ഓവറിന്റെ ആദ്യ നാല് പന്തുകളായിരുന്നു ബട്ട്ലർ സിക്സറിന് പറത്തിയത്. ഇതിനിടയ്ക്ക് ബട്ട്‌ലർ തന്റെ അർദ്ധശതകവും പൂർത്തിയാക്കി. എന്നാൽ കളിയിലെ അവസാന വിജയം യുവ സ്പിന്നറായ ഹൃതിക്ക് കൈക്കലാക്കി. ഓവറിന്റെ അവസാന പന്തിൽ ലോംഗ് ഓഫിൽ സൂര്യകുമാർ യാദവിന്റെ കൈകളിൽ ബട്ടലറിനെ എത്തിച്ച ഹൃതിക്ക് മികച്ച മടങ്ങിവരവ് നടത്തി. 52 പന്തിൽ 67 റൺസായിരുന്നു ബട്ട്‌ലറിന്റെ സമ്പാദ്യം.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത മുംബയ് ഇന്ത്യൻസിനെതിരെ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. അരങ്ങേറ്റം നടത്തിയ ഇടങ്കൈയൻ സ്പിന്നർ കുമാർ കാർത്തികേയ സിംഗ് നടത്തിയ മികച്ച പ്രകടനമാണ് രാജസ്ഥാനെ തളച്ചത്. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് സഞ്ജു സാംസണിന്റെ വിക്കറ്റ് കാർത്തികേയ വീഴ്ത്തിയിരുന്നു.