kk

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുൻ എം.എൽ.എ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഫോർട്ട് പോലീസാണ് കേസെടുത്തത്. ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

പ്രസംഗത്തെ തുടർന്ന് പി.സി. ജോർജിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. . വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസംഗമാണ് ജോർജിന്റേതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നുവെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമാണ് നടത്തിയതെന്നും സി.പി.എം കുറ്റപ്പെടുത്തി. ജോര്‍ജ്ജിന്‍റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.