
ന്യൂഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമിയ്ക്കെതിരെ നടപടിയെടുത്ത കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി തൃണമൂൽ എം പി മൊഹുവ മൊയിത്ര. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ച അതേ ഷവോമിക്ക് തന്നെയാണ് സുതാര്യമല്ലാത്ത പി എം കെയർ ഫണ്ടിലേക്ക് പത്ത് കോടി രൂപ സംഭാവന നൽകാൻ കേന്ദ്ര സർക്കാർ അനുവദിച്ചതെന്ന് മൊഹുവ ട്വിറ്ററിൽ ആരോപിച്ചു. പാർലമെന്റിൽ ഇത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും കേന്ദ്രം കൂട്ടാക്കിയില്ലെന്നും മൊഹുവ ആരോപിച്ചു.
ED siezes ₹ 5,500 crore assets from Chinese smartphone giant Xiaomi over Forex law violations.
— Mahua Moitra (@MahuaMoitra) April 30, 2022
Same Xiaomi allowed to donate ₹10cr to opaque PMCARES fund.
All our questions in parliament were stonewalled!
ഫെബ്രുവരിയിൽ വിദേശത്തേക്ക് സംശയാസ്‌പദമായ പണമിടപാട് നടത്തിയതിനാണ് ഷവോമിയുടെ ഇന്ത്യയിലെ നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തീരുമാനിച്ചത്. ഈ അക്കൗണ്ടുകളിലായി 5551.27 കോടി രൂപയാണ് 1999ലെ വിദേശ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമപ്രകാരം ഇ.ഡി പിടിച്ചെടുത്തത്.
കമ്പനിയുടെ ബിസിനസ് രീതികൾ ഇന്ത്യൻ വിദേശനാണ്യ വിനിമയ നിയമവുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുവാൻ ഷവോമിയുടെ മുൻ ഇന്ത്യൻ മേധാവിയെ ഇഡി വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇ.ഡി ചൈനീസ് കമ്പനിയുടെ പ്രവർത്തനം സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് മുൻ മേധാവി മനോജ് കുമാർ ജെയിനിനെ വിളിച്ചുവരുത്തിയത്.