
ഭുവനേശ്വർ: വിവാഹഘോഷയാത്രയിൽ 'നാഗനൃത്തം' ഏർപ്പാടാക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്ത അഞ്ച് പേർ അറസ്റ്റിൽ. നാഗനൃത്തം അവതരിപ്പിക്കാൻ ഏർപ്പെടുത്തിയ പാമ്പാട്ടി പാമ്പിനേയും കയ്യിലേന്തിയുള്ള നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി . ഒഡിഷയിൽ ബുധനാഴ്ചയാണ് സംഭവം.ഒരു കയ്യിൽ പത്തി വിടർത്തിയ മൂർഖനെ തുറന്ന കൂടയിലും മറ്റേ കയ്യിൽ മകുടിയുമായി പ്രശസ്തമായ ഗാനത്തിന് ചുവടുവെക്കുന്ന പാമ്പാട്ടിയും ചുറ്റും ശബ്ദഘോഷങ്ങളുമായി മറ്റു വാദ്യക്കാരുമാണ് വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. വിവരമറിഞ്ഞയുടനെ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മൂർഖനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്നാണ് പരിപാടി സംഘടിപ്പിച്ചവരെ അറസ്റ്റ് ചെയ്തത്. കൊടുംവിഷമുള്ള മൂർഖനെ പൊതുചടങ്ങിൽ എത്തിച്ചത് ഏറെ അപകടകരമായ സാഹചര്യമാണെന്നും പാമ്പ് കൂടയിൽ നിന്ന് പുറത്തേക്ക് ചാടിയിരുന്നെങ്കിൽ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ആൾക്കൂട്ടം പരിഭ്രമിക്കുമായിരുന്നെന്നും ചിലപ്പോൾ നിരവധി പേർക്ക് ജീവന് തന്നെ നഷ്ടമായേനെയെന്നും ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള സാഹസത്തിന് ഇനിയാരും മുതിരരുതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്കി.