pv-sindhu

മനില: ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി സിന്ധുവിന് പരാജയം. ജപ്പാന്റെ അകാനെ യമാഗുച്ചിയോടാണ് സിന്ധു ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെട്ടത്. സ്കോർ 21-13, 19-21, 16-21. ചാമ്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കിയ സിന്ധുവിന്റെ ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിലെ രണ്ടാമത്തെ മെഡലാണ്. മുമ്പ് 2014ൽ നടന്ന ചാമ്പ്യൻഷിപ്പിലും സിന്ധു വെങ്കലം കരസ്ഥമാക്കിയിരുന്നു. ഒരു മണിക്കൂറിലേരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം നമ്പർ താരമായ യമാഗുച്ചി ഏഴാം റാങ്കുകാരിയായ സിന്ധുവിനെ അടിയറവ് പറയിപ്പിച്ചത്.

അതേസമയം മത്സരത്തിന്റെ രണ്ടാം ഗെയിമിനിടെ അമ്പയർ സിന്ധുവിനെതിരായി പെനാൽട്ടി വിധിച്ചത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആദ്യ ഗെയിം 21-13ന് വിജയിച്ച ശേഷം രണ്ടാം ഗെയിമിൽ 14-11ന് ലീഡ് ചെയ്യുമ്പോഴായിരുന്നു സിന്ധുവിനെതിരെ ജോർദാൻ അമ്പയർ പെനാൽട്ടി വിധിക്കുന്നത്. മത്സരത്തിൽ അതുവരെ മേൽക്കൈ ഉണ്ടായിരുന്ന സിന്ധുവിന്റെ താളം അതിന് ശേഷം പിഴയ്ക്കുകയായിരുന്നു.

സിന്ധു സർവ് ചെയ്യാൻ ഒരുപാട് സമയം എടുക്കുന്നുവെന്നാരോപിച്ചായിരുന്നു അമ്പയർ ഇന്ത്യൻ താരത്തിന് പോയിന്റ് പെനാൽട്ടി നൽകിയത്. തൊട്ട് മുന്നിലത്തെ പോയിന്റ് വിജയിച്ച സിന്ധുവിനോട് സർവ് കൈമാറാൻ ആവശ്യപ്പെട്ട അമ്പയർ എതിരാളിയായ യമാഗുച്ചിക്ക് ഒരു പോയിന്റ് നൽകുകയും ചെയ്തു. അമ്പയറുടെ ഈ തീരുമാനത്തെ എതിർത്ത് സിന്ധു യമാഗുച്ചി റെഡി ആകാത്തതിനാലാണ് സർവ് ചെയ്യാത്തത് എന്ന് വാദിച്ചെങ്കിലും അമ്പയർ തന്റെ തീരുമാനം മാറ്റാൻ തയ്യാറായില്ല.

ഈ സംഭവത്തിന് ശേഷം മത്സരത്തിൽ അതുവരെ ഉണ്ടായിരുന്ന മേധാവിത്തം സിന്ധുവിന് തുടർന്ന് പുലർത്താൻ സാധിച്ചില്ല. അതേസമയം അമ്പയറിന്റെ തീരുമാനത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സർവ് വൈകിയത് സിന്ധുവിന്റെ പിഴവ് മൂലമല്ലെന്നും എതിരാളി മനപൂർവം സിന്ധുവിനെ വൈകിപ്പിക്കുകയായിരുന്നെന്നും ഇന്ത്യൻ താരത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

Nice umpiring! #BAC2022 pic.twitter.com/3EgLS4kW7n

— Sammy (@Sammy58328) April 30, 2022