
കൊച്ചി: ഫേസ്ബുക്കിൽ 'മീ ടൂ' ആരോപണം ഉന്നയിച്ച യുവതിയെ കണ്ടെത്തി വിജയ് ബാബുവിനെതിരെ പുതിയ കേസെടുക്കാൻ പൊലീസ് നീക്കം. ആരോപണം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പേജായ 'വിമൻ എഗെെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റിന്റെ' അഡ്മിനുമായി സൈബർ സെല്ലിന്റെ സഹായത്തോടെ
പൊലീസ് ആശയവിനിമയം നടത്തി. യുവതിയോട് പരാതി നൽകാൻ ഇവർ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.
2021 നവംബറിൽ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും അനുവാദമോ ചോദ്യമോ ഇല്ലാതെ തന്നെ ചുംബിക്കാനായി ചുണ്ടിലേക്ക് ചാഞ്ഞുവെന്നുമാണ് യുവതിയുടെ കുറിപ്പിൽ പറയുന്നത്.എതിർത്തപ്പോൾ ഒരു ചുംബനം മാത്രം മതിയെന്നും ആരോടും പറയരുതെന്നും അഭ്യർത്ഥിച്ചിരുന്നു. എന്തായാലും അന്നത്തെ ദിവസത്തോടെ തന്റെ സ്വപ്നമായിരുന്ന സിനിമാമോഹം ഉപേക്ഷിക്കേണ്ടി വന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.
അതേസമയം നടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ വീട്ടിലെത്തി പൊലീസ് നോട്ടീസ് കൈമാറിയെന്നാണ് വിവരം അതിനിടെ പരാതിയുടെ വിവരങ്ങൾ പൊലീസിൽ നിന്ന് വിജയ് ബാബുവിന് ചോർന്നുകിട്ടിയതായി വിശ്വസിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതി പുറത്ത് നിൽക്കുന്നതും മുൻകൂർ ജാമ്യാപേക്ഷയും അറസ്റ്റിനെ ബാധിക്കില്ല. ഇപ്പോൾ അന്വേഷണ സംഘം ദുബായിലേക്ക് പോകേണ്ടതില്ല. പരാതി കിട്ടിയ ഉടൻ വിജയ് ബാബുവിനെ തേടി പൊലീസ് ഗോവയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ബാബുവിനെ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് അംഗത്വത്തിൽ നിന്ന് നീക്കിയേക്കുമെന്ന വിവരവുും പുറത്തുവന്നു. കൊച്ചിയിൽ ചേർന്ന അമ്മയുടെ അവെയ്ലബിൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. നാളെയും യോഗം ചേരുമെന്നാണ് സൂചന. വിജയ് ബാബുവിനെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെട്ട് ഇന്റേണൽ കമ്മിറ്റി 27ന് അമ്മ ഭാരവാഹികൾക്ക് കത്ത് നൽകിയിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയിൽ സിനിമാസംഘടനകൾ മൗനം പാലിക്കുന്നതായി വനിതാവിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) വെള്ളിയാഴ്ച ആരോപിച്ചിരുന്നു.