mumbai-indians

മുംബയ്: തുടർച്ചയായ എട്ട് തോൽവികൾക്കൊടുവിൽ മുംബയ് ഇന്ത്യൻസിന് ഈ ഐ.പി.എൽ സീസണിലെ ആദ്യജയം. ക്യാപ്ടൻ രോഹിത് ശർമ്മയുടെ 35-ാം പിറന്നാൾ ദിനമായ ഇന്നലെ രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് കീഴടക്കിയാണ് അദ്ദേഹത്തിന് പിറന്നാൾ സമ്മാനംപോലെ മുംബയ് വിജയവഴിയിലെത്തിയത്. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 158​ ​റ​ൺ​സെ​ടു​ത്തു. മറുപടിക്കിറങ്ങിയ മുംബയ് അവസാന ഓവറിലെ രണ്ടാം പന്തിൽ ഡാനിയേൽ സാംസ് (1 പന്തിൽ 6)​ നേടിയ സിക്സിലൂടെ വിജയമുറപ്പിക്കുകയായിരുന്നു (161/5)​. 39 പന്തിൽ 51 റൺസെടുത്ത സൂര്യകുമാർ യാദവും യുവതാരം തിലക് വർമ്മയുമാണ് (35)​ മുംബയ്‌യുടെ ചേസിംഗിലെ നട്ടെല്ലായത്. ടിം ഡേവിഡ് പുറത്താകാതെ 9 പന്തിൽ 20 റൺസ് നേടി. ഇഷാൻ കിഷനും (26)​ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തേ ജോസ് ബട്ട്‌ലറുടെ (67)​ അർദ്ധ സെഞ്ച്വറിയാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അശ്വിൻ 9 പന്തിൽ 21 റൺസ് നേടി അവസാന ഓവറിൽ റൺറേറ്റ് ഉയർത്തി.

പ്രഥമ ഐ.പി.എൽ കിരീടത്തിലേക്ക് രാജസ്ഥാനെ നയിച്ച കഴിഞ്ഞയിടെ അന്തരിച്ച ഷേൻ വാണിനോടുള്ള ആദരമായിട്ടാണ് രാജസ്ഥാൻ ഈ മത്സരത്തെക്കണ്ടത്. വാണിനോടുള്ള ആദരമായി എസ്.ഡബ്ല്യു. 23 എന്ന് രേഖപ്പെടുത്തിയ ജേഴ്സി അണിഞ്ഞാണ് ഇന്നലെ രാജസ്ഥാൻ താരങ്ങൾ കളത്തിലിറങ്ങിയത്.