മലപ്പുറം: ആശുപത്രികളിലെ ഒ.പി രജിസ്‌ട്രേഷൻ മുതൽ രോഗ, ചികിത്സാ വിവരങ്ങൾ വരെ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ഇ-ഹെൽത്ത് പദ്ധതിക്ക് ജില്ലയിൽ വേഗക്കുറവ്. രണ്ട് ഘട്ടങ്ങളിലായി 47 ആരോഗ്യ സ്ഥാപനങ്ങളെ ഇ-ഹെൽത്ത് കേന്ദ്രങ്ങളാക്കി മാറ്റാൻ തിരഞ്ഞെടുത്തപ്പോൾ ഇതിൽ 14 കേന്ദ്രങ്ങളിൽ മാത്രമാണ് പദ്ധതി യാഥാർത്ഥ്യമായത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 17 ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്നിടങ്ങളിൽ ഇപ്പോഴും ഇ-ഹെൽത്ത് നടപ്പാക്കിയിട്ടില്ല.
2018ലാണ് ജില്ലയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. രണ്ടാംഘട്ടമെന്ന നിലയിൽ കഴിഞ്ഞ നവംബറിൽ 30 ആരോഗ്യ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളാണ് പദ്ധതിയുടെ വേഗം കുറച്ചതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
അടുത്ത പത്ത് വർഷത്തേക്ക് യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തില്ലെന്ന് ഉറപ്പുള്ള കെട്ടിടങ്ങളിലാണ് ഇ-ഹെൽത്ത് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുത്ത 30 ആശുപത്രികളിൽ പരിശോധന നടത്തി അനുയോജ്യമായ കെട്ടിടങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ കമ്പ്യൂട്ടർ, നെറ്റ്‌വർക്കിംഗ്, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കണം. ഇതിനൊപ്പം ഫീൽഡ് സർവേ പൂർത്തിയാക്കി വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യണം. ഒരാൾക്ക് ഏതെല്ലാം രോഗങ്ങൾ ഉണ്ടായിട്ടുണ്ട്, ലഭിച്ച ചികിത്സ, ഓപറേഷൻ നടത്തിയതാണോ ഇങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രോഗിയുടെ ആധാർ നമ്പർ നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും. സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയാലും തടസ്സമില്ലാതെയുള്ള തുടർചികിത്സ ഉറപ്പാക്കുക ലക്ഷ്യമാണ്.
തിരക്കും കാലതാമസവും ഒഴിവാക്കാം
ഇ-ഹെൽത്ത് പദ്ധതി പൂർത്തിയായ ഇടങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായ മാനേജ്‌മെന്റ് സംവിധാനം നിലവിൽവന്നിട്ടുണ്ട്. ഒ.പി ടിക്കറ്റെടുക്കാൻ ആധാർ നമ്പർ നൽകിയാൽ മതി. ഡോക്ടറുടെ കമ്പ്യൂട്ടറിൽ രോഗിയുടെ പ്രാഥമിക വിവരങ്ങളെത്തും. ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി, ഫാർമസി, നഴ്സിംഗ് ഏരിയാ എന്നിവിടങ്ങളെ പരസ്പരം ബന്ധിപ്പിച്ചതിനാൽ ഇവിടങ്ങളിലെ തിരക്കും കാലതാമസവും ഒഴിവാക്കാനാവും. കടലാസ് രഹിതമായാണ് പ്രവർത്തനങ്ങളെല്ലാം.
കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ മറികടക്കുന്ന സാഹചര്യത്തിൽ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
ഡോ. അഫ്സൽ, ഇ-ഹെൽത്ത് പദ്ധതി കോ-ഓർഡിനേറ്റർ