പെരിന്തൽമണ്ണ: രാമപുരം എൽ.പി സ്‌കൂളിന്റെ പുനർനിർമ്മിച്ച കെട്ടിടം മഞ്ഞളാംകുഴി അലി എം.എൽ.എ നാടിന് സമർപ്പിച്ചു. മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്റെ പിൻതലമുറയിലുള്ളവർ അക്ഷരങ്ങൾ പഠിപ്പിക്കാൻ 1908ൽ ആരംഭിച്ച ആദ്യത്തെ കുടി പള്ളിക്കൂടം കൂടിയായ വള്ളുവനാട്ടിലെ ആദ്യത്തെ എഴുത്തച്ഛൻ കളം 1920 മുതൽ എൽ.പി.സ്‌കൂളായി മാറി. സ്‌കൂളിന്റെ നൂറാം വാർഷികാഘോഷ ഉപഹാരമായി സ്‌കൂൾ മാനേജർ കരുവള്ളി പാത്തിക്കൽ അഹമ്മദ് ബാപ്പുട്ടി ഹാജി നിർമ്മിച്ചു നൽകിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ നിർവഹിച്ചു. ഓപ്പൺ സ്റ്റേജ് സമർപ്പണം പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മുകുൽസു നിർവഹിച്ചു. വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ എം.വേണുഗോപാലിന് യാത്രയയപ്പ് നൽകി, പി.ടി.എ പ്രസിഡന്റ് ഷമീർ രാമപുരം അദ്ധ്യക്ഷനായിരുന്നു.