
ഇന്ത്യൻ ഫുട്ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചവരുടെ പട്ടികയിലേക്ക് പുതിയ പേരുകൾ ചേർക്കാൻ രാജ്യം വീണ്ടുമൊരു സന്തോഷ് ട്രോഫി മത്സരത്തിലേക്ക്. ഇത്തവണ കേരളത്തിൽ മലപ്പുറത്തിന്റെ മണ്ണിലാണ് മത്സരം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫുട്ബോൾ ആരാധകർക്കൊപ്പം ഇന്ത്യൻ മുൻ താരങ്ങളായ യു. ഷറഫലി, ഹബീബ് റഹ്മാൻ തുടങ്ങിയവരും വലിയ പ്രതീക്ഷയോടെയാണ് മത്സരം വീക്ഷിക്കുന്നത്. കേരളത്തിലായതിനാൽ കേരളാ ടീമിന് അനുകൂല ഘടകമായി കാണികളുടെ പിന്തുണയും സ്റ്റേഡിയങ്ങളിൽ ഉണ്ടാകുമെന്ന് തീർച്ചയാണ്. പ്രധാനപ്പെട്ട കായിക ഹബ്ബുകളിലൊന്നായി കേരളവും മാറിയെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. ഫുട്ബോളിന്റെ മക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറത്തിന്റെ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫിയെത്താൻ സംസ്ഥാനത്തിന്റെ കായികമന്ത്രിയും മലപ്പുറത്തുകാരനുമായ വി. അബ്ദുറഹിമാൻ വഹിച്ച പങ്ക് ചെറുതല്ല. മലപ്പുറത്തെ കായിക ഹബ്ബാക്കി മാറ്റുന്നതിൽ കൂടുതൽ പരിശ്രമം നടത്തുമെന്ന് അദ്ദേഹം പലതവണ പറഞ്ഞിരുന്നു. ഇന്നിപ്പോൾ അത് യാഥാർത്ഥ്യമാവുകയാണ്. ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് മത്സരം അരങ്ങേറുന്നതും മലപ്പുറത്താണ്. കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് മത്സരങ്ങൾക്ക് തുടക്കമാവും.
കേരളം ആറാടുമോ..?
എ ഗ്രൂപ്പിൽ ഉൾപ്പെടുന്ന കേരളവും രാജസ്ഥാനും തമ്മിലുള്ള മത്സരമാണ് പയ്യനാട് സ്റ്റേഡിയത്തിൽ ആദ്യം. എ ഗ്രൂപ്പിൽ മേഘാലയ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ എന്നീ ടീമുകളുമുണ്ട്. ബി ഗ്രൂപ്പിൽ ഗുജറാത്ത്, കർണാടക, ഒഡീഷ, സർവീസസ്, മണിപ്പൂർ ടീമുകളാണുള്ളത്. കേരളത്തിന്റെ എല്ലാ മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. പയ്യനാടിൽ രാത്രിയിലും കോട്ടപ്പടിയിൽ ആദ്യ ദിനമൊഴിച്ച് വൈകിട്ടുമാണ് മത്സരങ്ങൾ.
പയ്യനാട് സ്റ്റേഡിയത്തിലെ മത്സരം രാത്രിയിലായതിനാൽ കൂടുതൽ കാണികൾ എത്താനും സാദ്ധ്യതയുണ്ട്. ഇത് കേരള ടീമിന് അനുകൂല ഘടകമാവും. മികവുറ്റ യുവകളിക്കാരെയാണ് കേരള ടീമിന് ലഭിച്ചതെന്ന് മുൻ താരങ്ങളടക്കം പറയുന്നു. കഴിഞ്ഞ മാസം 20നാണ് കേരള ടീം കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങിയത്. ടീം ഹെഡ് കോച്ച് ബിനോ ജോർജ്, അസിസ്റ്റന്റ് കോച്ച് ഡി.ജി പുരുഷോത്തമൻ, കീപ്പിംഗ് കോച്ച് സജി ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് മുപ്പതംഗ ടീമിന്റെ പരിശീലനം. മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽപേർ ടീമിലുള്ളത്. എട്ട് കളിക്കാർ. കോഴിക്കോട് 4, തിരുവനന്തപുരം 4, എറണാകുളം 2, പാലക്കാട് 3, കണ്ണൂർ 1, ഇടുക്കി 1, തൃശൂർ 3, കാസർഗോഡ് 2, വയനാട് 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ളവരുടെ എണ്ണം. പരിശീലനത്തിന് ശേഷം മികച്ച കളിക്കാരടങ്ങുന്ന 22 അംഗ ടീമായിരിക്കും രൂപീകരിക്കുക. ചില അസാധാരണമായ പാസുകളിലൂടെയും ലോംഗ് റേഞ്ച് ഷോട്ടുകളിലൂടെയും വരുന്ന മാന്ത്രിക ഗോളുകൾക്ക് പിന്നിലുള്ളത് ആത്മാർത്ഥമായ പരിശീലനവും ഭാഗ്യവുമാണ്. കളിക്കളത്തിൽ ഓരോ കേരളാ ടീമംഗങ്ങൾക്കും ചുറ്റുമുള്ള തന്റെ ടീമിലെ മറ്റംഗങ്ങളുടെ കഴിവുകളെക്കുറിച്ച് പൂർണമായ ബോദ്ധ്യമുണ്ടാവണം. എങ്കിൽ മാത്രമേ വിചാരിച്ച രീതിയിൽ പന്തിനെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനാവൂ. ഐ.എസ്.എൽ ഫൈനലിൽ മികച്ച രീതിയിൽ കളിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് തോൽവിയുടെ വിധിയെഴുത്തുണ്ടായത് കളി ഷൂട്ടൗട്ടിലേക്ക് മാറിയപ്പോഴായിരുന്നു. അതുവരെ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്ന ഗോൾ കീപ്പറുടെ ഭാഗ്യം പെട്ടെന്ന് ഇല്ലാതെയായി. എതിർടീമായ ഹൈദരാബാദ് എഫ്.സിയുടെ ഗോൾ കീപ്പർ കട്ടിമണിക്ക് അതുവരെയില്ലാത്ത ഭാഗ്യവും ആ നിമിഷമുണ്ടായി. ഗോൾ കീപ്പിംഗിൽ മോശം പ്രകടനമെന്ന് അദ്ദേഹത്തെ വിധിയെഴുതിയിരുന്നവർ ഗാലറിയിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. കട്ടിമണിക്ക് കിട്ടിയ പോലെയുള്ള ഭാഗ്യം കൂടി സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിനുണ്ടെങ്കിൽ നിസംശയം ഇത്തവണത്തെ കിരീടം കേരള ടീമിന് സ്വന്തമാക്കാം. സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്‌ക്കുന്നവർക്ക് ഒരുപക്ഷേ ഐ.എസ്.എൽ പോലെയുള്ള മത്സരങ്ങളിലേക്കും അവസരങ്ങളുണ്ടാകും.
സ്റ്റേഡിയം പെർഫെക്ട് ഓക്കെ
സന്തോഷ് ട്രോഫി മത്സരം നടക്കുന്ന കോട്ടപ്പടി, പയ്യനാട് സ്റ്റേഡിയങ്ങൾ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) സംഘമെത്തി പരിശോധിച്ച് മികച്ച നിലവാരം ഉറപ്പ് വരുത്തിയിരുന്നു. ഫിഫയുടെ നിയമങ്ങൾക്ക് ബാധകമായാണ് സ്റ്റേഡിയങ്ങളൊരുക്കേണ്ടത്. പയ്യനാട് സ്റ്റേഡിയത്തിൽ മികച്ച ഗാലറി സംവിധാനവും ഫ്ലഡ് ലൈറ്റുമെല്ലാം സജ്ജമാണ്. പുല്ലുകൾ വച്ച് പിടിപ്പിച്ചുള്ള പരിപാലനമെല്ലാം മാസങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. സ്റ്റേഡിയത്തിലുള്ള നിലവിലെ ഫ്ലഡ് ലൈറ്റ് കൂടുതൽ പ്രകാശമുള്ളതാക്കാൻ കുറച്ചധികം ലൈറ്റുകൾ കൂടെ സ്ഥാപിക്കും. ഗാലറിയിലെ പെയിന്റിംഗ്, മറ്റു അനുബന്ധ പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ചു. പയ്യനാട് സ്റ്റേഡിയത്തിന് ആവശ്യമായ പാർക്കിംഗ് സൗകര്യമുണ്ട്. എന്നാൽ കോട്ടപ്പടി സ്റ്റേഡിയത്തിന് പാർക്കിംഗ് സൗകര്യമില്ല. ആളുകളുടേയും വാഹനങ്ങളുടേയും എണ്ണം നിയന്ത്രണാതീതമാവുമെന്നതിനാൽ മറ്റൊരിടത്ത് പാർക്കിംഗ് സജ്ജീകരിക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. മത്സരം ആരംഭിക്കാൻ 14 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പരിപാടികൾക്കും ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. സന്തോഷാരവം എന്ന പേരിലാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്. ജില്ലയിലെ മറ്റു ഫുട്ബാൾ സ്റ്റേഡിയങ്ങളിലേക്കും നാടുകളിലേക്കും വിളംബരവുമായി വാഹനങ്ങൾ പോകുന്നതാണ് പ്രധാന പരിപാടി. സന്തോഷ് ട്രോഫിയുടെ സന്തോഷ നാളുകളെ വരവേൽക്കാൻ മലപ്പുറത്തിനൊപ്പം കേരളത്തിലെ മറ്റു ജില്ലകളും പൂർണമായും ഒരുങ്ങി കഴിഞ്ഞു. മൈതാനത്ത് കേരള ടീമിന്റെ അത്യുഗ്രൻ പ്രകടനങ്ങൾ കാണാനായി നമുക്ക് കാത്തിരിക്കാം.