തിങ്കളാഴ്ച മുതൽ ഷെഡ്യൂളുകൾ ബഹിഷ്‌കരിക്കും
നിലമ്പൂർ: നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള വിവിധ സർവീസുകളിൽ അധിക ജോലിഭാരമാണെന്ന് ആരോപിച്ച് ജീവനക്കാർ ഡ്യൂട്ടി ബഹിഷ്‌കരണത്തിന് ഒരുങ്ങുന്നു. നിലമ്പൂർ ഡിപ്പോയിൽ നിന്നും 5.50ന് ആരംഭിക്കുന്ന വഴിക്കടവ് ഗൂഡല്ലൂർ, 6.15ന് ആരംഭിക്കുന്ന വഴിക്കടവ് കോഴിക്കോട് സർവീസുകൾക്ക് ചീഫ് ഓഫീസ് ഉത്തരവുകൾക്ക് വിരുദ്ധമായി ആഴ്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നതായാണ് തൊഴിലാളികൾ പറയുന്നത്. അധിക ജോലിഭാരം നിരന്തരം മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. ഏപ്രിൽ നാല് മുതൽ പ്രസ്തുത ഷെഡ്യൂളുകൾ ബഹിഷ്‌കരിക്കുമെന്ന് മാർച്ച് 24ന് യൂണിയനുകൾ ഒന്നടങ്കം അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടിയോ, നടപടിയോ സ്വീകരിച്ചിട്ടില്ല. അതിനാൽ തിങ്കളാഴ്ച മുതൽ പ്രസ്തുത ഡ്യൂട്ടികൾ ബഹിഷ്‌കരിക്കുമെന്ന് ട്രേഡ് യൂണിയൻ നേതാക്കളായ കെ.എ. നിസാർ (കെ.എസ്.ആർ.ടി.ഇ.എ), പി. ഫിറോസ് ബാബു (ഐ.എൻ.ടി.യു.സി), നാരായണൻ കുട്ടി (ബി.എം.എസ്) എന്നിവർ അറിയിച്ചു.