ramadan
പൊന്നാനി വലിയപള്ളി ജുമാമസ്ജിദ്

പൊന്നാനി: നിയന്ത്രണങ്ങളൊഴിഞ്ഞ രാപ്പകലിൽ വിശുദ്ധിയുടെ പുണ്യവുമായി വിശുദ്ധ റമദാനെത്തുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്കൊപ്പമായിരുന്ന കഴിഞ്ഞ രണ്ടുവർഷത്തെ റമദാനിൽ പള്ളികളിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. പള്ളികൾ കേന്ദ്രീകരിച്ചുള്ള റമദാൻ പരിപാടികളും വെട്ടിച്ചുരുക്കിയിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായും നീങ്ങിയതോടെ പുണ്യമാസത്തെ സമ്പൂർണ്ണ അർത്ഥത്തിൽ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പള്ളികളിൽ പൂർത്തിയായി.

പള്ളികൾ പെയിന്റടിച്ചും വർണ്ണ വിളക്കുകൾ തൂക്കിയും ശുചീകരിച്ചും റമദാനിനെ വരവേൽക്കാൻ നേരത്തെ തയ്യാറായിട്ടുണ്ട്. രണ്ട് വർഷമായി പള്ളികളിൽ നടക്കാത്ത സമൂഹ നോമ്പുതുറ ഇത്തവണ പുനരാരംഭിക്കും. അമ്പതു മുതൽ നൂറ് വരെ ആളുകൾ ഒട്ടുമിക്ക പള്ളികളിലും നോമ്പുതുറക്കുണ്ടാകും. ജ്യൂസ്, പഴവർഗ്ഗങ്ങൾ, പൊരിക്കടികൾ എന്നിവയാണ് നോമ്പുതുറ വിഭവങ്ങളായുണ്ടാകുക. ഓരോ ദിവസത്തേയും നോമ്പുതുറ ഓരോ വ്യക്തികളുടെ വകയായിരിക്കും.

റമദാനിലെ പകലുകളിലും രാത്രികളിലും നടന്നിരുന്ന പ്രഭാഷണ പരിപാടികൾക്കും തുടക്കമാകും. ളുഹർ നമസ്‌കാര ശേഷവും രാത്രി നമസ്‌കാര ശേഷവുമാണ് പ്രഭാഷണങ്ങളുണ്ടാകുക. കഴിഞ്ഞ രണ്ടു വർഷം ഇത് തീരെ നടന്നിരുന്നില്ല. 30 ദിവസങ്ങളിലും പ്രഭാഷണം നടക്കുന്ന പള്ളികളുണ്ട്.

രാത്രിയിലെ തറാവീന് നമസ്‌കാരത്തിന് വിശുദ്ധ ഖുർആൻ പൂർണ്ണമായും മന:പാഠമാക്കിയവരെയാണ് നിരവധി പള്ളികൾ ഇമാമുമാരായി നിശ്ചയിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടും. മനോഹരമായ ഈണത്തിൽ ഖുർആൻ പാരായണം ചെയ്യുന്നവർ എന്ന നിലയിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇതിനായി പരിഗണിക്കുന്നത്. നാട്ടുകാരായ നിരവധി കുട്ടികൾ ഖുർആൻ മന:പാഠമാക്കിയവരായുണ്ട്. ഇവരും പള്ളികളിൽ ഇമാമുമാരായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

റമദാൻ വിപണികളും ഇത്തവണ സജീവമാണ്. വിവിധയിനം പഴവർഗ്ഗങ്ങൾ വിപണിയിലെത്തി. വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ സുലഭമാണ്. നോമ്പ് തുറ ലക്ഷ്യമിട്ടുള്ള പൊരിക്കടികളുടെ കൗണ്ടറും പാതയോരങ്ങളിൽ ഒരുങ്ങിയിട്ടുണ്ട്.

സക്കാത്ത് സെല്ലിന്റെ പ്രവർത്തനവും സജീവമാകും

പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ വിശുദ്ധ റമദാനിൽ നടക്കുന്ന ഫണ്ട് സമാഹരണത്തിലൂടെയാണ് ഒരു വർഷത്തെ പ്രവർത്തനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ നിയന്ത്രണങ്ങൾ ഫണ്ട് സമാഹരണത്തെ കാര്യമായി ബാധിച്ചിരുന്നു. പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഫണ്ട് ശേഖരണം നടന്നിരുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക ക്ഷീണം മറികടക്കാൻ വിവിധ കർമ്മ പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്. പള്ളികൾ കേന്ദ്രീകരിച്ചുള്ള സക്കാത്ത് സെല്ലിന്റെ പ്രവർത്തനവും സജീവമാക്കാനാണ് തീരുമാനം. ഇഫ്‌താർ സംഗമങ്ങൾ സംഘടിപ്പിക്കാൻ വിവിധ സംഘടനകൾ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി തീരെ നടക്കാത്തതാണിത്.