
മലപ്പുറം: 25-ാമത് ഫെഡറേഷൻ കപ്പ് ദേശീയ അത്‌ലറ്റിക്‌സിന് ഇന്ന് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമാവും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ മീറ്റ് ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മീറ്റിൽ 600ഓളം താരങ്ങൾ മാറ്റുരയ്ക്കും. 10,000 മീറ്ററാണ് ആദ്യ ഇനം. പുരുഷ-വനിത 10,000മീറ്റർ, വനിതകളുടെ പോൾവോൾട്ട് എന്നിവയുടെ ഫൈനലുകളും ഇന്ന് നടക്കും. ലോക ചാമ്പ്യൻഷിപ്പ്, കോമൺ വെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് അടക്കമുള്ള മീറ്റുകൾക്ക് യോഗ്യത നേടാനുള്ള അവസരം കൂടിയാണ് താരങ്ങൾക്ക് ഫെഡറേഷൻ കപ്പ്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 38 ഇനങ്ങളിലാണ് മത്സരം. ദ്യുതിചന്ദ്, എം.ആർ പൂവമ്മ, ഹിമദാസ്, കമൽപ്രീത് കൗർ, തേജീന്ദർപാൽസിംഗ്, അനുറാണി, എം.ശ്രീശങ്കർ, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ് നിർമ്മൽ ടോം, എം.പി ജാബിർ തുടങ്ങിയ രാജ്യാന്തര താരങ്ങൾ മത്സരത്തിനിറങ്ങും.
വേൾഡ് ചാമ്പ്യൻഷിപ്പിന് ഉപയോഗിക്കുന്ന എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിലേക്കടക്കം യോഗ്യത നേടുന്ന വേദിയായതിനാൽ തീവ്രമായ മത്സരമുണ്ടാകും.
പി.ഐ ബാബു
സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി