
മഞ്ചേരി: കാവന്നൂരിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചയാൾക്ക് കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. പ്രതി കാവനൂർ കോലോത്തുവീട്ടിൽ ഷിഹാബുദ്ദീനാണ് (33) ശിക്ഷ. 75,000 രൂപ പിഴയും നൽകണം. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി പി.ടി. പ്രകാശനാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പുനരധിവാസത്തിന് സർക്കാർ രണ്ടു ലക്ഷം രൂപയും നൽകണം.
2016 ഫെബ്രുവരി 12ന് വൈകിട്ട് 6.45നായിരുന്നു കേസിനാസ്പദമായ സംഭവം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അരീക്കോട് പൊലീസിൽ പരാതി നൽകി. മഞ്ചേരി സി.ഐമാരായിരുന്ന സണ്ണി ചാക്കോ, കെ.എം. ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്. 17 സാക്ഷികളിൽ 13 പേരെ വിസ്തരിച്ചു. ഒമ്പതു രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.