perinthalmananna
ഇരു കൈ കൊണ്ടും എഴുതുന്ന ഹാഷിം

പെരിന്തൽമണ്ണ: എഴുത്തിൽ ഇടത് കൈയൻമാരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ഇരുകൈകളിലും ഒരേ സമയം പേന പിടിച്ച് എഴുതി വിസ്മയം തീർത്തിരിക്കുകയാണ് കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ഒമ്പത് വയസ്സുകാരൻ പുഴക്കത്തൊടി മുഹമ്മദ് ഹാഷിം. കെട്ടിട നിർമ്മാണ തൊഴിലാളിയായ പുഴക്കത്തൊടി ബഷീർമോന്റെയും പാടത്ത് പിടികയിൽ ഫർഹാനയുടെയും രണ്ട് മക്കളിൽ ഇളയവനായ ഹാഷിം പടിഞ്ഞാറ്റുമുറി വെസ്റ്റ് എ.എം.എൽ.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം സ്‌കൂൾ തുറന്ന സമയത്ത് ക്ലാസിൽ ഇരു കൈകളിലും പേന പിടിച്ച് എഴുതുന്നത് കണ്ട സ്‌കൂളിലെ ക്ലാസ് അദ്ധ്യാപകനാണ് ഹാഷിമിന്റെ ഈ അപൂർവ്വ ശേഷി തിരിച്ചറിഞ്ഞത്. കൂടുതൽ എഴുതിച്ചപ്പോൾ ഇരുകൈകളുമായി അനായാസം എഴുതുന്നത് കണ്ട് സ്‌കൂളിലെ അദ്ധ്യാപകർ തന്നെ അമ്പരന്നു പോയി. അദ്ധ്യാപകർ വിവരം അറിയിച്ചപ്പോഴാണ് വീട്ടുകാർ പോലും ഇക്കാര്യം അറിയുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇടത് കൈ കൊണ്ടാണ് ഹാഷിം എഴുതിയിരുന്നതെന്നും മദ്രസയിലെ അദ്ധ്യാപകൻ വലതു കൈ കൊണ്ട് എഴുതാൻ ശീലിക്കണമെന്ന് പറയാറുണ്ടായിരുന്നെന്നും വീട്ടുകാർ പറയുന്നു. രണ്ട് വർഷമായി ഓൺലൈൻ പഠനമായതിനാൽ ലോക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്നപ്പോൾ വലതു കൈ കൊണ്ട് എഴുതാൻ തുടങ്ങിയും പിന്നീട് എഴുത്ത് വേഗം തീരാൻ ഇരു കൈകൾ കൊണ്ടും എഴുതി ശീലിച്ചതാകാമെന്നും ഹാഷിം എഴുത്തിൽ വിസ്മയം തീർത്തിരിക്കുകയാണെന്നും അദ്ധ്യാപകർ പറഞ്ഞു. അസാധാരണമായ കഴിവിലൂടെ സ്‌കൂളിലും കൂട്ടുകാർക്കിടയിലും വലിയ താരമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.