മലപ്പുറം: ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതി കേരളം കണ്ട ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച മലപ്പുറം, പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആവിഷ്‌കരിക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഉല്പാദനം, വിപണനം, മൂല്യവർധിത ഉല്പന്നങ്ങൾ എന്നിവ വഴി ഏറ്റവുമധികം തൊഴിൽ നൽകുന്ന മികച്ച പദ്ധതിയാക്കി ഇതിനെ മാറ്റണം. ഭക്ഷണശീലങ്ങൾ മാറിയതാണ് മലയാളിയുടെ മിക്കരോഗങ്ങൾക്കും കാരണമെന്ന് മന്ത്രി പറഞ്ഞു. കാൻസറിന് കാരണം 20 ശതമാനവും പുകയില ഉല്പന്നങ്ങളാണെങ്കിൽ 35 മുതൽ 40 ശതമാനം വരെ കാരണം വിഷമയമായ ഭക്ഷണമാണെന്ന് റീജിയണൽ കാൻസർ സെന്ററിന്റെ പഠനങ്ങളിൽ പറയുന്നു. സിഗരറ്റിന്റെ കവറിനുമുകളിലെ ചിത്രം അതുപയോഗിക്കുന്നവരെ പിറകോട്ട് വലിക്കും. എന്നാൽ വിഷലിപ്തമായ ഭക്ഷണത്തിന്റെ കവറിൽ യാതൊരു മുന്നറിയിപ്പും രേഖപ്പെടുത്താതെ പോകുന്നു. കരൾരോഗവും വൃക്കരോഗവും കേരളത്തിൽ വ്യാപിക്കുന്ന സ്ഥിതിയുണ്ട്. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന മുദ്രാവാക്യം ഏറ്റെടുക്കാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ല എന്ന അവസ്ഥയുണ്ടാകണം. ഈ സന്ദേശം എത്താത്ത ഒരു മനസും ഇവിടെ ഉണ്ടാവാൻ പാടില്ലാത്ത വിധം ക്യാമ്പയിൻ ഫലപ്രദമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കാർഷികോൽപാദന കമ്മീഷണർ ഇഷിത റോയ് അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ, ഡയറക്ടർ ടി.വി. സുഭാഷ്, സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. പി.കെ. രാജശേഖരൻ, നോഡൽ ഓഫീസർ എസ്. സാബിർ ഹുസൈൻ, മലപ്പുറം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജമീല കുന്നത്ത്, പാലക്കാട്, മലപ്പുറം ജില്ലകളിലെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.