
മലപ്പുറം: മണ്ണെണ്ണക്ക് വില വർദ്ധിച്ചതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. വില വർദ്ധനയ്ക്കൊപ്പം മത്സ്യഫെഡിൽ നിന്ന് ലഭിക്കുന്ന മണ്ണെണ്ണയുടെ അളവും കുറഞ്ഞതോടെ കടലിൽ പോവാനാവുന്നില്ല.
കടലിൽ പോകുന്ന ഓരോ വള്ളത്തിനും ദിവസം കുറഞ്ഞത് 150 ലിറ്റർ മണ്ണെണ്ണ വേണം. എന്നാൽ സബ്സിഡി നിരക്കിൽ ഒരുമാസത്തേക്ക് ആകെ ലഭിക്കുന്നത് 140 ലിറ്റർ മണ്ണെണ്ണയാണ്. ലിറ്ററിന് 25 രൂപയ്ക്കാണ് മത്സ്യഫെഡിൽ നിന്ന് മണ്ണെണ്ണ ലഭിക്കുന്നത്. ലിറ്ററിന് 60 രൂപ നിരക്കിൽ ഒരുമാസത്തേക്ക് 80 ലിറ്റർ മണ്ണെണ്ണ സിവിൽ സപ്ലൈസും നൽകുന്നുണ്ട്. എന്നാൽ ഇത് ഒന്നിനും തികയാത്ത അവസ്ഥയിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതോടെ കരിഞ്ചന്തയിൽ ലിറ്ററിന് 120 രൂപയ്ക്ക് മുകളിൽ നൽകിയാണ് മണ്ണെണ്ണ് വാങ്ങിക്കുന്നത്. മണ്ണെണ്ണ ക്വാട്ട പുതുക്കി നിശ്ചയിക്കണമെന്നും കുറഞ്ഞ വിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണമെന്നുമുള്ള മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യം അധികൃതർ ഇതുവരെ ചെവി കൊണ്ടിട്ടില്ല.
കടലിൽ മത്സ്യ ലഭ്യത കുറയുകയും ഇന്ധന ചെലവ് ഏറുകയും ചെയ്തതോടെ കടലിൽ പോവാൻ കഴിയാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. ഒരു ദിവസം കടലിൽ പോകാനുള്ള ഇന്ധനത്തിന് മാത്രം 15,000 മുതൽ 20,000 രൂപ വരെ ഓരോ വള്ളത്തിനും ചെലവാകുന്നുണ്ട്. മത്സ്യലഭ്യത കുറഞ്ഞതോടെ ചെലവ് തുക പോലും ലഭിക്കുന്നില്ല. മണ്ണെണ്ണ സബ്സിഡി നിരക്കിൽ ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോവാൻ കഴിയൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
താനൂരിൽ മാത്രം 500ൽ പരം മണ്ണെണ്ണ വള്ളങ്ങൾ
ജില്ലയിൽ താനൂർ, പൊന്നാനി മേഖലകളിലാണ് കൂടുതൽ മത്സ്യത്തൊഴിലാളികളുള്ളത്. പൊന്നാനിയിൽ ഡീസൽ ബോട്ടുകളും താനൂരിൽ മണ്ണെണ്ണ ബോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ 500ൽ പരം മണ്ണെണ്ണ വള്ളങ്ങളാണ് താനൂർ ഭാഗത്തുള്ളത്. ആദ്യകാലങ്ങളിൽ 15 രൂപയ്ക്ക് വരെ മണ്ണെണ്ണ ലഭ്യമായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.
മണ്ണെണ്ണ കണക്ക്
ഓരോ വള്ളത്തിനും ദിവസം കുറഞ്ഞത് വേണ്ടത് 150 ലിറ്റർ മണ്ണെണ്ണ
സബ്സിഡി നിരക്കിൽ ഒരുമാസത്തേക്ക് ആകെ ലഭിക്കുന്നത് 140 ലിറ്റർ
മത്സ്യഫെഡിൽ നിന്ന് ലഭിക്കുന്നത് ലിറ്ററിന് 25 രൂപയ്ക്ക്
സിവിൽ സപ്ലൈസും നൽകുന്നത് ലിറ്ററിന് 60 രൂപ നിരക്കിൽ ഒരുമാസത്തേക്ക് 80 ലിറ്റർ