പൊന്നാനി: നോമ്പുതുറ വിഭവങ്ങളിൽ മുട്ടപ്പത്തിരിയാണ് പൊന്നാനിയിലെ താരം. എണ്ണക്കടികളുടെ വിപണിയിൽ ആവശ്യക്കാരേറെ മുട്ടപ്പത്തിരിക്കാണ്. പൊന്നാനിയുടെ 'ദേശീയ പലഹാരം' നോമ്പുതുറ വിഭവമായി മാറ്റപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുൻപാണ്. നോമ്പില്ലാത്ത കാലങ്ങളിൽ പൊന്നാനിക്കാരുടെ രാവിലത്തെ ചായയ്ക്ക് അനിവാര്യ ഘടകമാണ് മുട്ടപ്പത്തിരി.
പഴയ പൊന്നാനി നഗരസഭാ പരിധിയിൽ നോമ്പുതുറ വിഭവമായി ദിവസേന വിൽപ്പന നടത്തുന്ന മുട്ടപ്പത്തിരിയുടെ എണ്ണം ആയിരത്തിൽ അധികമാണെന്നതിലും അതിശയമില്ല. വീട്ടിൽ വിവിധ തരം പലഹാരങ്ങൾ തയ്യാറാക്കുമെങ്കിലും മുട്ടപ്പത്തിരിയും അതോടൊപ്പം കരുതും. അരിപ്പൊടിയും മൈദയും കോഴിമുട്ടയും ചേർത്ത് വട്ടത്തിൽ പൊരിച്ചെടുക്കുന്ന മധുരമോ എരിവോ ഇല്ലാത്ത പലഹാരം പൊന്നാനിക്കാർക്ക് രുചിയുടെ മുഖമുദ്രയാണ്.
സമൂസയും, പരിപ്പ് വടയും, പൊരിച്ച പത്തിരിയും മുതൽ സാന്റ് വീച്ച് വരെ നീളുന്ന നോമ്പ് തുറ വിപണിയിലും മുട്ടപ്പത്തിരിയുടെ തട്ട് താണ്തന്നെ ഇരിക്കും.
വീടുകളിൽ നിന്നും ചായക്കടകളിൽ നിന്നും പൊരിച്ചെടുത്ത മുട്ടപ്പത്തിരി വൈകുന്നേരങ്ങളിൽ പൊന്നാനിയുടെ പാതയോരങ്ങളിൽ നിറയും. വലിപ്പത്തിനനുസരിച്ച് രണ്ട് രൂപ മുതൽ അഞ്ച് രൂപ വരെയാണ് ഒന്നിന് ഈടാക്കുന്നത്. റോഡരികിൽ ചെറിയ മേശകളിൽ നിരത്തി വച്ചാണ് കച്ചവടം. ചൂടുള്ള മുട്ടപ്പത്തിരിക്കായി വൈകീട്ട് അഞ്ചു മുതൽ ഓരോ താൽക്കാലിക കടകൾക്കു മുന്നിലും വലിയ തിരക്കാണ്.
ചായക്കടയിലെ ഒത്തുചേരൽ
രാത്രി നമസ്‌കാരത്തിന് ശേഷം സുഹൃത്തുക്കൾ ഒത്തുകൂടി നോമ്പ് തുറ വിഭവങ്ങളിൽ ബാക്കിയുള്ളത് ഒരുമിച്ചിരുന്ന് കഴിക്കുന്ന രീതി പൊന്നാനിയിൽ നിലനിന്നിരുന്നു. മുത്താഴമെന്നാണ് ഇതിനെ വിളിച്ചിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി വീടുകളിൽ കേന്ദ്രീകരിച്ചുള്ള മുത്താഴമില്ല. പകരം ചായക്കടകളിൽ മുട്ടപ്പത്തിരിയും ചായയും കുടിക്കാൻ ഒത്തുചേരുന്നതാണ് പുതിയ രീതി. പൊന്നാനി വലിയ ജുമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇവിടത്തെ മുട്ടപ്പത്തിരിയും ബീഫ് കറിയും കഴിക്കാൻ റമദാനിലെ രാത്രികളിൽ നൂറ് കണക്കിനാളുകളാണ് എത്തുന്നത്. ഇവിടത്തെ രുചിയറിഞ്ഞ് അയൽജില്ലകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് രാത്രികളിൽ എത്താറുള്ളത്. ചായക്കടയോടു ചേർന്ന പള്ളിക്കുളത്തിന്റെ പടവുകളിലിരുന്ന് മുട്ടപ്പത്തിരിയുടെയും ബീഫ് കറിയുടേയും സ്വാദ് ആസ്വദിക്കുന്നവർ നിരവധിയാണ്. പുലർച്ചെ മൂന്ന് മണി വരെ കട തുറന്നിരിക്കും.
മുട്ടപ്പത്തിരിയുടെ രാജകീയ മാറ്റം
തറവാടു വീടുകളിലെ പുതിയാപ്ല നോമ്പുതുറയിലും അങ്ങാടിയിൽ നിന്ന് വാങ്ങുന്ന മുട്ടപ്പത്തിരി സ്ഥാനം പിടിച്ചിട്ടുണ്ട്. മുട്ടമാല, മുട്ട സുർക്ക, ചിരട്ടിമാല, ചട്ടിപ്പത്തിരി, അല്ലാഹു അഹ് ലം എന്നിങ്ങനെ പൊന്നാനിയുടെ രാജകീയ വിഭവങ്ങൾക്കൊപ്പം മുട്ടപ്പത്തിരിയുമുണ്ടാകും. പൊന്നാനിയും മുട്ടപ്പത്തിരിയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാവിലത്തെ ചായക്കുള്ള പലഹാരമെന്നതിൽ നിന്ന് നോമ്പുകാലത്തെ പ്രധാന വിഭവമായി മുട്ടപ്പത്തിരി മാറ്റപ്പെട്ടത് അടുത്ത കാലം മുതലാണ്.