
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ അവസാന ദിവസം മൂന്ന് സ്വർണം നേടി കേരളം
തേഞ്ഞിപ്പലം: കനത്ത വേനലിൽ ചുട്ടുപൊള്ളുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തെ തണുപ്പിക്കാൻ ആശ്വാസ മഴയെത്തിയ ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റിന്റെ അവസാന ദിനം മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി കേരളത്തിന്റെ മനോഹര സൈൻ ഓഫ്. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മീറ്റ് റെക്കാഡോടെ എൽദോസ് പോളും 400 മീറ്റർ പുരുഷ, വനിതാ ഹർഡിൽസിൽ പി.ജാബിറും ആർ. അനുവുമാണ് കേരളത്തിന്റെ അക്കൗണ്ടിലേക്ക് സ്വർണം എത്തിച്ചത്.
ജാബിർ 50.35 സെക്കൻഡിലും ആർ.അനു 58.63 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. 16.99 മീറ്റർ ചാടിയാണ് എൽദോസ് പോൾ റെക്കാഡ് തിരുത്തി പൊന്നണിഞ്ഞത്. 2012ൽ രഞ്ജിത് മഹേശ്വരി കുറിച്ച 16.85 മീറ്ററിന്റെ റെക്കാഡാണ് എൽദോ തിരുത്തിയത്.
മൂന്നാം ദിനത്തിൽ നയന ജയിംസ് ലോംഗ് ജമ്പിൽ നേടിയ സ്വർണമുൾപ്പെടെ നാല് സ്വർണമാണ് മീറ്റിൽ കേരളം നേടിയത്. ഇന്നലെ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ അനുവിന് പിന്നിലായി ഓടിയെത്തിയ ആർ. ആരതി കേരളത്തിനായി വെള്ളി സ്വന്തമാക്കി. പുരുഷൻമാരുടെ 200 മീറ്ററിൽ കേരളത്തിന്റെ വി.മുഹമ്മദ് അജ്മലും പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിൽ യു. കാർത്തിക്കും വെങ്കലം നേടി. 200 മീറ്റർ പുരുഷ വിഭാഗത്തിൽ അസാമിന്റെ അംലൻ ബോർഗോഹൻ സ്വർണ മെഡലിനൊപ്പം ദേശീയ റെക്കാഡ് നേടി. 2018ൽ എം.അനസ് കുറിച്ച 20.63 സെക്കൻഡിന്റെ ദേശീയ റെക്കാഡാണ് അംലൻ മറികടന്നത്. അംലന് ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യതയും ലഭിച്ചു. വനിതകളുടെ 200 മീറ്ററിൽ അസാമിന്റെ ഹിമ ദാസാണ് 23.63 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയത്. 5000 മീറ്ററിൽ മഹാരാഷ്ട്രയുടെ അവിനാശ് സബ്‌ലെയും (13.മിനിറ്റ് 39.43സെക്കൻഡ്) മീറ്റ് റെക്കാഡോടെ സ്വർണം നേടി. പുരുഷ വിഭാഗം ഹാമ്മർ ത്രോയിൽ ഹരിയാനയുടെ ദീപക് 60.83മീറ്റർ,വനിതാവിഭാഗം 5000 മീറ്ററിൽ ഉത്തർപ്രദേശിന്റെ പ്രതുൽ ചൗധരി,വനിതാ വിഭാഗം ഹാമ്മർ ത്രോയിൽ ഉത്തർപ്രദേശിന്റെ സരിത സിംഗ് 64.16 മീറ്റർ എന്നിവരാണ് മറ്റു സുവർണ ജേതാക്കൾ.