crime
ലഹരി

മലപ്പുറം: ന്യൂ ജനറേഷൻ ലഹരി ഉത്പന്നങ്ങൾ വിൽപന നടത്തുന്നവരുടേയും വാങ്ങിക്കുന്നവരുടേയും എണ്ണം ജില്ലയിൽ ദിനം പ്രതി വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിൽ മാത്രം ഇത്തരം കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ഏറെയാണ്. കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, നൈട്രോസ് പാം എന്നിവയാണ് ന്യൂ ജനറേഷൻ ലഹരി ഉത്പന്നങ്ങളിൽ പ്രധാനികൾ. ചെറിയ അളവിൽ ഉപയോഗിക്കുന്നവരിൽ തുടങ്ങി ലഹരി വിൽപന വലിയ ബിസിനസാക്കി മാറ്റിയവരടക്കം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ് കൂടുതലായും കഞ്ചാവ്, എം.ഡി.എം.എ പോലെയുള്ള ലഹരി ഉത്പന്നങ്ങളെത്തുന്നത്.

വിദ്യാർത്ഥികളെ വലയിലാക്കും

ലഹരി വിൽപന നടത്തുന്നവരിൽ ഏജന്റുമാരായി പ്രവർത്തിക്കാൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കമുണ്ട്. സിഗരറ്റ്, ഹാൻസ് പോലുള്ള ഉത്പന്നങ്ങൾ നൽകി കുട്ടികളെ വശത്താക്കി, പിന്നീട് മാരക ലഹരി മരുന്നുകൾ ഈ വിദ്യാർത്ഥികൾ വഴി സ്കൂളിലെ മറ്റു ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സ്ഥിതിയുമുണ്ട്. സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ ഇത്തരത്തിലുള്ള കേസുകൾ പിടിക്കപ്പെടാറുണ്ടെന്നാണ് നാർക്കോട്ടിക് ഉദ്യോഗസ്ഥർ പറയുന്നത്.

നിരീക്ഷണവുമായി കുട്ടി സ്ക്വാഡുകൾ

ലഹരി ഉപയോഗിക്കുന്നവരെയും വിൽപന നടത്തുന്നവരെയും പിടികൂടാനായി സ്കൂളുകളിൽ പ്രത്യേക സ്ക്വാഡുകളടക്കം രൂപീകരിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ വിവരങ്ങൾ രഹസ്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അദ്ധ്യാപകരെയോ അറിയിക്കാനാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. എസ്.പി.സി, എൻ.സി.സി തുടങ്ങിയ യൂണിറ്റുകളിലുള്ള വിദ്യാർത്ഥികളെയും ഇതിനായി ഉപയോഗപ്പെടുത്തും. എല്ലാവർഷവും പ്രത്യേക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.

അഴിയെണ്ണേണ്ടി വരും

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾക്ക് ലഹരി ഉത്പന്നങ്ങൾ വിൽപന നടത്തുകയോ കൈമാറുകയോ ചെയ്താൽ അഴിക്കുള്ളിലാകും. വിൽപനയ്ക്ക് പുറമെ ജുവൈനൽ​ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസുകളും ചുമത്തിയാവും ശിക്ഷ. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പെട്ടികടകളിലടക്കം ഇത്തരത്തിൽ വിദ്യാർ‌‌ത്ഥികൾക്ക് ലഹരി വിൽപന നടത്തുന്നവരുണ്ട്. ഇത്തരക്കാർ നിരീക്ഷണത്തിലുമാണ്.

2019ൽ പിടിച്ചത്

ആകെ കേസ് 600

അറസ്റ്റ് ചെയ്തത് 595

2020ൽ പിടിച്ചത്

ആകെ കേസ് 316

അറസ്റ്റ് 303

2021ൽ പിടിച്ചത്

ആകെ കേസ് 323

അറസ്റ്റ് 322