santhosh-trophy
സ​ന്തോ​ഷ് ​ട്രോ​ഫി​ ​മത്സരങ്ങൾ നടക്കുന്ന പ്ര​ധാ​ന​ ​വേ​ദി​യാ​യ​ ​മ​ഞ്ചേ​രി​ ​പ​യ്യ​നാ​ട് ​സ്റ്റേ​ഡി​യം സന്ദർശിച്ച കായിക വകുപ്പ് മന്ത്രി വി.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​കിക്കെടുക്കുന്നു.

മഞ്ചേരി: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദർശിച്ചു. രാവിലെ 9ന് എത്തിയ മന്ത്രി സ്റ്റേഡിയത്തിലെ പ്രവൃത്തികൾ പരിശോധിച്ചു. സന്ദർശന സമയത്ത് എ.ഐ.എഫ്.എഫ് കോംപറ്റീഷൻ മാനേജർ രാഹുൽ പരേശ്വറിനോട് വേദികളുടെ പ്രവൃത്തികളെ കുറിച്ച് മന്ത്രി ചോദിച്ചു. സ്‌റ്റേഡിയത്തിൽ ഇതുവരെ നടത്തിയ പ്രവൃത്തികളിൽ തൃപ്തി അറിയിച്ച രാഹുൽ പരേശ്വർ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നെന്നും കൂട്ടിചേർത്തു. താരങ്ങൾക്കും ഒഫീഷ്യൽസിനും ഒരുക്കിയ അക്കൊമൊഡേഷൻ, ട്രാൻസ്‌പോർട്ടേഷൻ എന്നിവയും പരിശോധിച്ചെന്നും താൻ പൂർണ്ണതൃപ്തനാണെന്നും രാഹുൽ അറിയിച്ചു. അന്തർദേശീയ, ദേശീയ മത്സരങ്ങൾക്ക് അനുയോജ്യമായ സ്‌റ്റേഡിയമാണ് പയ്യനാട്. സന്തോഷ് ട്രോഫിക്ക് ശേഷവും അന്തർദേശീയ, ദേശീയ മത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

ഏപ്രിൽ 16 മുതൽ മേയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ, ഇവന്റ് കോ ഓർഡിനേറ്റർ യു. ഷറഫലി, ഡി.വൈ.എസ്.പി ബിജു കെ.എം, കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധികളായ കെ.പി. അനിൽ, പി. ജനാർദനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.അബ്ദുൽ നാസർ, ഹൃഷിക്കേഷ് കുമാർ,​ മറ്റു ജനപ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ, കായിക പ്രേമികൾ തുടങ്ങിയവർ പങ്കെടുത്തു.

മത്സരം കാണനെത്തുന്നവർക്ക് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് പ്രത്യേക യാത്രാ സൗകര്യമൊരുക്കും. രാത്രി മത്സരം നടക്കുന്നതിനാൽ മത്സരശേഷം ആരാധകർക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചെത്താൻ വേണ്ടിയാണ് സൗകര്യം ഒരുക്കുന്നത്. നിലമ്പൂർ, വണ്ടൂർ, തിരൂർ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പ്രത്യേക സർവീസുണ്ടാകും.

- കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ