d
ഓപറേഷൻ ഫോക്കസിന്റെ ഭാഗമായി ദേശീയ പാതയിൽ മോട്ടോർ വാഹന വകുപ്പ് രാത്രി പരിശോധന നടത്തുന്നു

തിരൂരങ്ങാടി: രാത്രിയിലെ അപകടങ്ങൾക്ക് അറുതി വരുത്താൻ രാത്രി ഉണർന്ന് പ്രവൃത്തിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഓപറേഷൻ ഫോക്കസിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഏപ്രിൽ 13 വരെ വൈകീട്ട് ഏഴ് മുതൽ പുലർച്ചെ മൂന്നു മണിവരെ പരിശോധനയുണ്ടാകും.

കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകളും അനധികൃതമായ കളർ ലൈറ്റുകളും ഘടിപ്പിച്ച 32 വാഹനങ്ങൾക്കെതിരെയും ബ്രേക്ക് ലൈറ്റുകൾ ഇല്ലാത്ത 14, ടോപ് ലൈറ്റ് ഘടിപ്പിക്കാത്ത 18, ഇൻഷ്വറൻസ് ഇല്ലാത്ത മൂന്ന്, നികുതി അടക്കാത്ത രണ്ട് , ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാൾക്കെതിരെയും കേസെടുത്തു. ഇത്തരത്തിൽ 70 കേസുകളിലായി 57,000 രൂപ പിഴ ഈടാക്കി. പരിശോധനയോടൊപ്പം അമിത ലൈറ്റുകൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു.

തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐമാരായ പി.എച്ച് ബിജുമോൻ, എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ പാത യൂണിവേഴ്സിറ്റി മുതൽ കോട്ടക്കൽ വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കാൻ ഡ്രൈവർമാർ അമിത ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വിശ്രമമില്ലാതെ രാത്രികാലങ്ങളിലുള്ള ഡ്രൈവിംഗ് അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ തുടർച്ചയായുള്ള രാത്രി ഡ്രൈവിംഗ് ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പുലർത്തണം

- എം.പി അബ്ദുൽ സുബൈർ, തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ