മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടപ്പാക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യ സിവിൽ സർവ്വീസസ് അക്കാദമിയുടെ ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയാത്തതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കും സൗജന്യമായി പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിന് ആവശ്യമാണെന്നും നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ പെരിന്തൽമണ്ണയിൽ ആരംഭിക്കാൻ പോവുന്ന സിവിൽ സർവ്വീസസ് അക്കാദമിക്ക് സാധിക്കുമെന്നും തങ്ങൾ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഉയരുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടം നേടുമെന്നും മലബാറിന്റെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥക്ക് ഇത്തരം സ്ഥാപനങ്ങൾ ഉയർന്നു വരുന്നതോടെ പരിഹാരമാവുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ സംബന്ധിച്ചു.