gas
സിലിണ്ടർ

മലപ്പുറം: ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡ് കീഴുപറമ്പ് കിണറ്റിൻ കണ്ടിയിലെ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും ഗാർഹികാവശ്യത്തിനും വ്യവസായികാവശ്യത്തിനും ഉപയോഗിക്കുന്ന 93 പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളിൽ നിന്നും വ്യാവസായികാവശ്യത്തിലേക്കുള്ള സിലിണ്ടറുകളിലേക്ക് അപകടകരമായ രീതിയിൽ പാചകവാതകം നിറയ്ക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗാർഹികാവശ്യത്തിനുള്ള 21 സിലിണ്ടറുകളും വ്യാവസായികാവശ്യത്തിനുള്ള 72 സിലിണ്ടറുകളും കണ്ടെത്തി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകളിൽ പാചകവാതകം ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത സിലിണ്ടറുകൾ സുരക്ഷിത സൂക്ഷിപ്പിനു വേണ്ടി അരീക്കോട് ഫനാർ ഗ്യാസ് ഏജൻസിക്കു കൈമാറി. പരിസരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ അനധികൃത ഗ്യാസ് ഫില്ലിംഗിനെതിരെ നടപടിയെടുക്കാൻ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ സി.എ വിനോദ്കുമാർ, റേഷനിംഗ് ഇൻസ്‌പെക്ടർ പി. പ്രദീപ്, ജീവനക്കാരായ കെ. മുഹമ്മദ് സാദിഖ്, എം. സുഹൈൽ, ദിനേശ്കുമാർ പങ്കെടുത്തു.