മലപ്പുറം: ജില്ലയിൽ ഇലക്ട്രിക് ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങാനുള്ള നടപടികൾ നിലച്ചു. മലപ്പുറം, വള്ളുവമ്പ്രം, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിലെ സബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ മാസങ്ങൾക്ക് മുമ്പെ തുടങ്ങിയിരുന്നെങ്കിലും മലപ്പുറത്ത് മാത്രമാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ തന്നെ വൈദ്യുതി കണക്ഷൻ, ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നതിനുള്ള നെറ്റ്‌വർക്ക് സംവിധാനങ്ങൾ എന്നിവ പൂർത്തീകരിക്കാനുണ്ട്.
മലപ്പുറത്തെ ചാർജ്ജിംഗ് സ്റ്റേഷൻ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടെങ്കിലും കൊവിഡിന്റെ സാഹചര്യത്തിൽ നീണ്ടുപോയി. ഫെബ്രുവരി ആദ്യവാരത്തിൽ ചാർജ്ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നടത്താൻ പദ്ധതിയിട്ടെങ്കിലും അതും നടന്നില്ല. ജീവനക്കാരുടെ സമരം കൂടിയായതോടെ ചാർജ്ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ഇനിയും നീണ്ടേക്കും.
മറ്റിടങ്ങളിൽ പ്രാഥമിക പ്രവൃത്തികൾ മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ജീവനക്കാരുടെ സമരത്തിൽ തുടർനടപടികൾ പൂർണ്ണമായും നിലച്ച മട്ടാണ്. ഇന്ധന വില വർദ്ധനവിനാൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സ്വീകാര്യത ഏറി വരുമ്പോഴാണ് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പദ്ധതി 56 ഇടങ്ങളിൽ
സംസ്ഥാനത്ത് 56 സ്ഥലങ്ങളിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങാനാണ് കെ.എസ്.ഇ.ബിയുടെ പദ്ധതി. ഇതിൽ ആറിടങ്ങളിൽ സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നല്ലളം, കണ്ണൂർ ചൊവ്വ, തൃശൂർ വിയ്യൂർ, കൊല്ലം ഓലയിൽ, തിരുവനന്തപുരം വൈദ്യുതി ഭവൻ, എറണാകുളം എന്നിവിടങ്ങളിലാണിത്. രണ്ടാംഘട്ടത്തിൽ 30 കേന്ദ്രങ്ങളിൽ കൂടി ചാർജ്ജിംഗ് സ്റ്റേഷൻ തുടങ്ങാൻ നടപടി തുടങ്ങിയിരുന്നു. ഇതിലുൾപ്പെട്ടതാണ് ജില്ലയിലെ നാല് കേന്ദ്രങ്ങൾ.
എല്ലാം ഹൈടെക്
ഒരേസമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ടാവും. കാറുകൾ 40 മിനിറ്റ് കൊണ്ട് ഫുൾ ചാർജ്ജാവും. വീടുകളിൽ എസി ചാർജ്ജിംഗ് രീതിയാണെങ്കിൽ ഇവിടെ ഡിസി ചാർജ്ജിംഗാണ്. വീടുകളിൽ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ചാർജ്ജിംഗിന് സമയമെടുക്കും. ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ഒരു യൂണിറ്റിന് ടാക്സ് അടക്കം 16 രൂപ നൽകേണ്ടിവരും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന ആപ്പ് ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം. ചാർജ്ജിംഗ് സ്റ്റേഷനിൽ ജീവനക്കാർ ഉണ്ടാവില്ല.
മലപ്പുറത്തെ ചാർജ്ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം സംസ്ഥാനത്തെ മറ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ പ്രവൃത്തി പൂർത്തിയാവുന്ന മുറയ്ക്കാവും നടക്കുക.
അനീഷ് പാറക്കാടൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, മലപ്പുറം