പരപ്പനങ്ങാടി: മയക്കുമരുന്നുമായി കൊണ്ടോട്ടി വാഴയൂർ സ്വദേശി ചാത്തൻ പറമ്പിൽ ഫാസിറിനെ (34) ഇടിമുഴിക്കലിൽ വച്ച് പരപ്പനങ്ങാടി എക്‌സൈസ് പിടികൂടി. 9 ഗ്രാം എം.ഡി.എം.എ, 800 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. വിപണിയിൽ ഒരുലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന വ്യക്തിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ പിടിയിലാകുമെന്നും എക്‌സ്സൈസ് ഇൻസ്‌പെക്ടർ സാബു.ആർ.ചന്ദ്ര പറഞ്ഞു. ഇന്റലിജിൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ സന്തോഷ് ടി, എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ കെ, പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് പ്രിവന്റീവ് ഓഫീസർമാരായ പ്രഗേഷ്, ബിജു.പി, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ നിതിൻ സി, അരുൺ പി, വിനീഷ് പി.ബി, സാഗിഷ്, ദിദിൻ, ജയകൃഷ്ണൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്.