football

മഞ്ചേരി: ഗാലറിയിൽ ആവേശക്കടലിരമ്പിയപ്പോൾ മഴ മേഘങ്ങൾ മാറി നിന്നു. ആദ്യദിനത്തേതുപോലെ പയ്യനാട് സ്റ്റേഡിയം കളി തുടങ്ങും മുൻപേ നിറഞ്ഞു കവിഞ്ഞു. മലയാളികൾ കാത്തിരുന്ന ക്ലാസിക്ക് പോരാട്ടത്തിനാണ് ഇന്നലെ പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബാന്റ് മേളവും വുവുസേലയുടെ താളവും കേരളം- വെസ്റ്റ് ബംഗാൾ മത്സരത്തിന് കൊഴുപ്പേകി. ആദ്യ ദിനം നിയന്ത്രിക്കാവുന്നതിലുമതികം കാണികൾ ഒഴുകിയെത്തിയപ്പോൾ നിയമപാലകരും സംഘാടകരും കുഴങ്ങിയിരുന്നു. എന്നാൽ ഇത്തവണ കൃത്യമായ ക്രമീകരണമാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി സംഘാടകർ ഒരുക്കിയത്. സ്റ്റേഡിയത്തിലേക്ക് വരുന്ന റോഡുകളുടെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ് പൊലീസ് കൃത്യമായി നിയന്ത്രിച്ചു. സ്റ്റേഡിയത്തിനകത്തു തന്നെ വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. സീസൺ, ഓൺലൈൻ ടിക്കറ്റുമായി വരുന്നവർക്ക് പ്രത്യേക കവാടം വഴി പ്രവേശനമൊരുക്കിയിരുന്നു. കൗണ്ടറിൽ നേരിട്ട് വന്ന് ടിക്കറ്റെടുക്കുന്നവർ നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തി ഇരിപ്പിടമുറപ്പിച്ചിരുന്നു. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വച്ച മത്സരത്തിൽ ശ്വാസമടക്കിപ്പിടിച്ച നിരവധി നിമിഷങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷിയായത്.