തിരൂരങ്ങാടി: കരിപറമ്പ്, കോട്ടുവാലക്കാട്, പന്താരങ്ങാടി, കണ്ണാടിത്തടം, പതിനാറുങ്ങൽ, പള്ളിപ്പടി എന്നിവിടങ്ങളിലെ വയലുകൾ രാത്രിയിൽ വ്യാപകമായി നികത്തുന്നതായി പരാതി. ഇതിന് തിരൂരങ്ങാടി പൊലീസ് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം കണ്ണാടിത്തടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി ഒറ്റ രാത്രി കൊണ്ട് ടിപ്പറിൽ 50 ഓളം ലോഡ് മണ്ണെത്തിച്ച് ജെ.സി.ബി ഉപയോഗിച്ച് നികത്തിയതായും പറയുന്നു. റവന്യൂ അധികൃതർ യഥാസമയം നടപടി സ്വീകരിക്കാത്തതാണ് വയൽ നികത്തൽ വ്യാപിക്കാൻ കാരണമെന്നും താലൂക്ക് സ്ക്വാഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. നിയമ ലംഘകർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും വകുപ്പ് മേധാവികൾക്ക് പരാതി നൽകുമെന്നും എ.ഐ.വൈ.എഫ് തിരൂരങ്ങാടി മേഖല ഭാരവാഹികൾ അറിയിച്ചു.