തിരൂരങ്ങാടി: കെ.എം സീതി സാഹിബ് കേരളീയ വിദ്യഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച നേതാവാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണവും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ ഇന്നുള്ള ഒട്ടുമിക്ക വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചത് സീതി സാഹിബാണ്. എന്റെ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിൻ വിജയിപ്പിക്കുന്നതിന് യുവാക്കൾ രംഗത്തിറങ്ങണമെന്നും യുവാക്കളെ മുഴുവൻ കാമ്പയിന്റെ ഭാഗമാക്കണമെന്നും സലാം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി. അലി അക്ബർ അദ്ധ്യക്ഷനായി. ഹസീം ചെമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാർ, ഹനീഫ പുതുപറമ്പ്, ഗുലാം ഹസ്സൻ ആലംഗീർ, ഷരീഫ് വടക്കയിൽ, സി.കെ.എ റസാഖ്, എ.കെ മുസ്തഫ, വി.ടി സുബൈർ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.