
മലപ്പുറം: എസ്.ഡി.പി.ഐ ലീഗിന്റെ ആജന്മ ശത്രുവാണെന്ന മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ഫാസിസ്റ്റുകളാണ് മുഖ്യശത്രുവെന്ന് പറയാൻ ത്രാണിയില്ലാത്ത നേതാക്കളാണ് അനവസരത്തിൽ എസ്.ഡി.പി.ഐക്കെതിരെ തിരിയുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കുഞ്ഞാലിക്കുട്ടി അത് തിരുത്തണം. രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിൽ നിഴലിക്കുന്നത്. ആർ.എസ്.എസ് കാലങ്ങളായി സൃഷ്ടിച്ചുവിട്ട പദപ്രയോഗങ്ങൾ എടുത്ത് ഉപയോഗിക്കുന്ന ശീലം മാറ്റാനെങ്കിലും ലീഗ് നേതാക്കൾ തയ്യാറാവണം.