pinarayi-kunjali

''മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെയല്ല, വർഗീയതയുടെ മേലങ്കിയാണ് അണിയുന്നത്. തീവ്രവർഗീയതയുടെ കാര്യത്തിൽ ലീഗ് എസ്.ഡി.പി.ഐയോട് മത്സരിക്കുന്നു. വർഗീയതയെ മതനിരപേക്ഷത കൊണ്ടേ നേരിടാനാവൂ. മതനിരപേക്ഷ നിലപാട് എടുക്കുന്നവരെയും മതേതര വിശ്വാസികളെയും ലീഗ് പുച്ഛിക്കുന്നു. ഇതെല്ലാം ലീഗിനെ എവിടെ എത്തിക്കുമെന്നത് കണ്ടറിയണം.'' ഡിസംബർ 29ന് സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ കടുത്ത വിമർശനം. ലീഗിന് വർഗീയതയുടെ മുഖം നൽകിയവർ തന്നെ ലീഗിനെ കൂട്ടുകൂടാൻ ക്ഷണിക്കുന്നതിന്റെ കാഴ്ചകൾക്കായിരുന്നു കഴിഞ്ഞ മണിക്കൂറിൽ കേരളം സാക്ഷ്യം വഹിച്ചത്. എൽ.ഡി.എഫ് കൺവീനറായുള്ള ഇ.പി.ജയരാജന്റെ അരങ്ങേറ്റം ഗംഭീരമാക്കിയതാണോ യു.‌ഡി.എഫിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയെന്ന അടവായിരുന്നോ ഇതിന് പിന്നിലെന്ന ചർച്ച ഒരുവശത്ത് നടക്കുന്നുണ്ട്. മുസ്‌ലിം ലീഗിന് യു.ഡി.എഫ് വിടാൻ കഴിയുമോ,​ അണികൾ ഇത് അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ഫ്ലാഷ് ബാക്കാണ്.

1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐയും സി.പി.എമ്മുമായി പിളർന്നതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എം പാളയത്തിലെ പ്രധാന കക്ഷിയായിരുന്നു മുസ്‌ലിം ലീഗ്. സി.പി.എമ്മിനെയും സി.പി.ഐയെയും സംബന്ധിച്ച് പ്രസക്തി ബോദ്ധ്യപ്പെടുത്തേണ്ട തിരഞ്ഞെടുപ്പായിരുന്നു​ അത്. കോൺഗ്രസ് പിളർന്ന് രൂപപ്പെട്ട കേരള കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പിളർന്നുണ്ടായ എസ്.എസ്.പിയും മുസ്​ലിം ലീഗും തിരഞ്ഞെടുപ്പിൽ പങ്കാളിയായി. 79 സീറ്റിൽ മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റിൽ ഒതുങ്ങിപ്പോൾ ലീഗ്​, എസ്​.എസ്​.പി സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എം മത്സരിച്ച 73ൽ 40 ലും വിജയിച്ചു. മുസ്​ലിം ലീഗ് 16 ൽ ആറ് സീറ്റിലും എസ്.എസ്.പി 29 ൽ 13 ഉം കേരള കോൺഗ്രസ് 54 ൽ 23 ലും വിജയിച്ചു. 133 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 36 ൽ ഒതുങ്ങേണ്ടിവന്നു. തൊട്ടുപിന്നാലെ 1967ൽ ലീഗ് ഉൾപ്പെടുന്ന സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് സി.പി.എം മത്സരിച്ചത്. 59 സീറ്റിൽ മത്സരിച്ച സി.പി.എം 52ലും വിജയിച്ചു. സി.പി.ഐയും എസ്.എസ്.പിയും 19 വീതം സീറ്റുകളിലും മുസ്​ലിം ലീഗ് 14ലും ജയിച്ചു. 133 സീറ്റിലും മത്സരിച്ച കോൺഗ്രസിന് ഒമ്പത് സീറ്റിലാണ് വിജയിക്കാനായത്. ചരിത്രത്തിൽ കോൺഗ്രസിനേറ്റ വലിയ തിരിച്ചടിയായിരുന്നു ഇത്. പിന്നീട് പല കാരണങ്ങളാൽ ലീഗ് യു.ഡി.എഫ് പാളയത്തിലെത്തിയെങ്കിലും ഇങ്ങനെയൊരു ചരിത്രം കൂടി ലീഗിനുണ്ടെന്നത് സമകാലിക സംഭവങ്ങളെ കോർത്തിണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

അത്ര ഉറപ്പില്ല വാക്കുകൾക്ക്

'' തമിഴ്നാട്ടിൽ ലീഗും സി.പി.എമ്മും കോൺഗ്രസും ഒരേമുന്നണിയിലാണ് പ്രവർത്തിക്കുന്നത്. അവിടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ലീഗിന്റെ കൊടിയും സി.പി.എമ്മിന്റെ കൊടിയും ഒരുമിച്ചാണ് കെട്ടുന്നത്. ഇതുകൊണ്ട് തന്നെ സി.പി.എമ്മിനോട് അയിത്തം കൽപ്പിക്കാൻ പറ്റുമോ ?​ '' മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണിയുടെ വാക്കുകളാണിത്. കേന്ദ്രത്തിൽ കോൺഗ്രസിനല്ലാതെ ബി.ജെ.പിക്കെതിരായ ബദൽ സൃഷ്ടിക്കാനാവില്ല. കോൺഗ്രസിനെ ഒഴിവാക്കി ഫാസിസത്തെ പ്രതിരോധിക്കാനാവില്ലെന്നതുമാണ് കോൺഗ്രസ് ബന്ധം തുടരുന്നതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതായത് കേന്ദ്ര സാഹചര്യമാണ് കേരളത്തിലും യു.ഡി.എഫിനൊപ്പം നിലനിൽക്കാൻ ഇപ്പോൾ മുസ്‌ലിം ലീഗിനെ പ്രേരിപ്പിക്കുന്നതെന്ന് ചുരുക്കം.

ഇ.പി. ജയരാജന്റെ ക്ഷണത്തിന് പിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയ വാർത്താസമ്മേളനത്തിലും അത്ര ഉറച്ച ശബ്ദമല്ല കേട്ടത്. '' മുന്നണിമാറ്റ വിഷയം ചർച്ചചെയ്തിട്ടില്ല. അവരും ചർച്ചചെയ്തതായി അറിയില്ല. ഇ.പി.ജയരാജൻ പൊതുവായിട്ടായിരിക്കും കാര്യങ്ങൾ പറഞ്ഞത്. കേരളത്തെ കേരളമായി നിലനിറുത്തുന്നതിനാണ് ഇടതുമുന്നണി കൺവീനർ ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. പകരം മറ്റുള്ളവരെ മുന്നണി മാറ്റുന്നതിന് അല്ല. '' കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്ത് നിലവിലൊരു സാഹചര്യമുണ്ട്. അതു മനസ്സിൽ ഉൾക്കൊണ്ട് വേണം തീരുമാനം എടുക്കേണ്ടത്. എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. വർഗീയ വിഭജനമുണ്ടാക്കി നേട്ടംകൊയ്യാൻ ചിലർ ശ്രമിക്കുന്നെന്ന് കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞുവച്ചു. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം ഒരുപക്ഷെ കേരളീയ രാഷ്ട്രീയത്തെ കാര്യമായ തന്നെ സ്വാധീനിച്ചേക്കാം. കേന്ദ്രത്തിൽ കോൺഗ്രസിന് തിരിച്ചുവരാൻ സാധിക്കാതിരിക്കുകയും കേരളത്തിലെ സാദ്ധ്യതകളിൽ സംശയങ്ങൾ ഉയരുകയും ചെയ്താൽ നിലനിൽപ്പിന്റെ നിലപാടെടുക്കാൻ ലീഗ് നി‌ർബന്ധിതമായേക്കുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ലീഗ് നേതാവ് പറഞ്ഞു. ഇതെല്ലാം മുന്നിൽക്കണ്ടാവാം രാഷ്ട്രീയ നീക്കങ്ങളുടെ ചാണക്യനായ കുഞ്ഞാലിക്കുട്ടി ഒരുവാതിലും കൊട്ടിയടക്കാത്തതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അധികാരം കിട്ടിയില്ലെങ്കിൽ പാർട്ടിയും യു.ഡി.എഫും വലിയ വിലകൊടുക്കേണ്ടി വരുമെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും പി.കെ.കുഞ്ഞാലിക്കുട്ടി നൽകിയ മുന്നറിയിപ്പ് കൂടി ഇതിനൊപ്പം വായിക്കേണ്ടതുണ്ട്.

യു.ഡി.എഫ് സംവിധാനം ക്ഷയിപ്പിച്ച് ബി.ജെ.പിയെ രണ്ടാംകക്ഷിയാക്കാനുള്ള ശ്രമങ്ങളിലാണ് സി.പി.എമ്മെന്ന കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രചാരണം ലീഗിനെ കൂടി ലക്ഷ്യമിട്ടാണ്. ബലാബലമുള്ള മുന്നണി സംവിധാനമാണ് അധികാരത്തിലേക്കുള്ള ബി.ജെ.പിയുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നതെന്ന യാഥാർത്ഥ്യം മറികടക്കുക ലീഗിനും എളുപ്പമല്ല. യു.ഡി.എഫിലെ അവസരങ്ങളും പ്രാധാന്യവും എൽ.ഡി.എഫിൽ കിട്ടില്ലെന്ന ബോദ്ധ്യവും ലീഗ് നേതൃത്വത്തിനുണ്ട്. ജയരാജന്റേത് ഉണ്ടയില്ലാ വെടിയാണെന്ന് കോൺഗ്രസ് ആവ‌ർത്തിക്കുമ്പോഴും മുന്നണിക്കുള്ളിൽ അടുത്തൊന്നും ഇതിന്റെ പുക അടങ്ങില്ലെന്നതാണ് യാഥാ‌ർത്ഥ്യം.

ലീഗിനിത് ഇരട്ട ഗോൾ

ഇടതുമുന്നണിയിലേക്കുള്ള ക്ഷണം വിവാദമായതോടെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഇക്കാര്യം തിരുത്തിയെങ്കിലും ലീഗിനിത് ഇരട്ട ഗോളാണേകിയത്. യു.ഡി.എഫിന്റെ നിലവിലെ പോക്കിൽ ലീഗ് നേതൃത്വം കടുത്ത അമർഷത്തിലാണ്. മുന്നണിക്ക് നേതൃത്വമേകുന്ന കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് ത‌ർക്കങ്ങൾ മുന്നണിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി ലീഗ് നേതാക്കൾ പരസ്യമായി പറഞ്ഞിട്ടുണ്ട്. പുതിയ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വന്നത് കോൺഗ്രസിൽ ഉണർവ് ഉണ്ടാക്കിയേക്കാമെന്ന ലീഗിന്റെ പ്രതീക്ഷകൾക്ക് ഇപ്പോൾ മങ്ങലേറ്റിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രവ‌ർത്തനങ്ങളിൽ ലീഗ് സംതൃപ്തരാണെങ്കിലും കോൺഗ്രസിനെ വിഴുപ്പലക്കൽ സർക്കാരിനെതിരെയുള്ള സമരങ്ങൾ വിജയിപ്പിക്കുന്നതിൽ പോലും തടസ്സം സൃഷ്ടിക്കുന്നെന്ന വികാരം ലീഗിൽ ശക്തമാണ്. പലവട്ടം മുന്നറിയിപ്പേകിയിട്ടും വേണ്ട വിധത്തിൽ ഗൗനിക്കാതിരുന്ന കോൺഗ്രസ് നേതൃത്വത്തിന് പരോക്ഷമായ മുന്നറിയിപ്പേകാൻ ഇ.പി. ജയരാജന്റെ ക്ഷണത്തോടെ ലീഗിന് കഴിഞ്ഞു. എൽ.ഡി.എഫിലേക്കുള്ള ക്ഷണത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കാതെ ലീഗ് നേതാക്കൾ സ്വരം മയപ്പെടുത്തി. ഇനിയും ഇങ്ങനെ പോയാൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്ന കൃത്യമായ സന്ദേശം കൂടി കോൺഗ്രസിനേകാൻ ഇതുവഴി ലീഗിന് സാധിച്ചു. മുഖ്യമന്ത്രി മുതൽ മുൻ എൽ.ഡി.എഫ് കൺവീന‌ർ വരെ ലീഗിന് ചാർത്തി കൊടുത്ത വർഗീയ പട്ടം നിലവിലെ എൽ.ഡി.എഫ് കൺവീനർ തന്നെ അഴിച്ചുകൊടുത്തതും ലീഗിന് രാഷ്ട്രീയ നേട്ടമായി. ഭാവിയിൽ സി.പി.എമ്മിൽ നിന്ന് ഉയരാനിടയുള്ള വിമർശനങ്ങളെ ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗിന് പ്രതിരോധിക്കാനാവും. പ്രത്യേകിച്ചും സോഷ്യൽ മീഡിയാ ലോകത്ത്. ഇ.പി.ജയരാജന്റെ ഓരോ വാക്കുകളും ലീഗ് സൈബർ പട ശേഖരിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ കിംഗ് മേക്കറെന്ന പ്രസ്താവന ഇതിനകം തന്നെ സോഷ്യൽ മീഡിയിൽ ലീഗ് സൈബർ പട പ്രയോജനപ്പെടുത്തിയിട്ടുണ്ട്.