kk
ഗുജറാത്തിന്റെ മലയാളി താരം അജ്മലും മമ്പാട് കോളേജിലെ കായികാദ്ധ്യാപകൻ ഇ. റഫീഖും

മലപ്പുറം: ഇത് ഫുട്ബോൾ ആരാധകർ ഏറെയുള്ള സ്ഥലമാണ്, ഫുട്ബാളിന്റെ മെക്കയുമാണ്. മലപ്പുറത്തെ മണ്ണിലേക്ക് സന്തോഷ് ട്രോഫിയിൽ പന്ത് തട്ടാനെത്തിയ ഗുജറാത്തുകാരോടും കോച്ച് മാർസലീനോ പെരേരയോടും മമ്പാട് എം.ഇ.എസ് കോളേജിലെ കായികാദ്ധ്യാപകനായ ഇ.റഫീഖ് നാടിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഗുജറാത്ത് ടീമിന്റെ ലൈസണിംഗ് ചുമതലയുള്ള റഫീഖ് താരങ്ങളെയും കൂട്ടി പരിശീലനത്തിനായി ഓരോ സ്ഥലത്ത് പോവുമ്പോഴും ആ സ്ഥലത്തെ കുറിച്ചുള്ള ചരിത്രമടക്കം പറഞ്ഞു കൊടുക്കാറുണ്ടെന്ന് ടീമിലെ മലയാളി കൂടിയായ ഗോൾ കീപ്പർ അജ്മൽ എരഞ്ഞിക്കൽ പറഞ്ഞു. മലപ്പുറം എടക്കര സ്വദേശി അജ്മൽ എരഞ്ഞിക്കൽ, ചങ്ങനാശ്ശേരി സ്വദേശി ഡൈറിൻ ജോബ്, കോതമംഗലം സ്വദേശി സാഗർ അലി, പാലക്കാട് സ്വദേശി സിദ്ധാർത്ഥ് നായർ എന്നിവരാണ് ടീമിലെ ഗുജറാത്ത് ടീമിലെ മലയാളികൾ. ഇവർക്ക് മലപ്പുറത്തെ കുറിച്ചും കോഴിക്കോടിനെ കുറിച്ചും അറിയാമെങ്കിലും ടീമിലെ മറ്റു സംസ്ഥാനക്കാർക്കാണ് റഫീഖ് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കാറുള്ളത്. ഗോവ സ്വദേശിയായ കോച്ച് പെരേരയ്ക്കും കേരളത്തിനെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. നിലമ്പൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ടീമിന്റെ പരിശീലനം. മഞ്ചേരിയിൽ താമസിക്കുന്ന ഗുജറാത്ത് ടീമിനൊപ്പം സദാസമയവും റഫീഖും കൂടെയുണ്ടാകും. ടീമിലെ അംഗങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും റഫീഖ് സംസാരിക്കാറുള്ളത് അജ്മലിനോടും മറ്റു മലയാളികളോടുമാണ്. മാത്രവുമല്ല, കായിക പ്രേമിയും അദ്ധ്യാപകനുമായ റഫീഖ് കളിക്കളത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് താരങ്ങൾക്ക് നിർദ്ദേശങ്ങളും നൽകാറുണ്ട്. ആദ്യ മത്സരം കഴിഞ്ഞതിന് ശേഷം മത്സരത്തിൽ കൂടുതൽ അറ്റാക്കിംഗ് വേണമെന്നും ഗോളുകൾ നേടാനായി കൂടുതൽ ശ്രദ്ധിക്കണമെന്നും പറയാറുണ്ടെന്ന് അജ്മൽ പറഞ്ഞു.

കേരള ടീമിൽ കളിക്കാനായാൽ വലിയ സന്തോഷം

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റെങ്കിലും നന്നായി തന്നെ എല്ലാവരും കളിച്ചിരുന്നെന്ന് അജ്മൽ പറഞ്ഞു. ഇനി രണ്ട് മത്സരങ്ങൾ കൂടെയുണ്ട്. സെമി സാദ്ധ്യതകളില്ലെങ്കിലും ഫൈനൽ റൗണ്ട് വരെ എത്താനായി. അഹമ്മദാബാദ് ഇൻകം ടാക്സിൽ ജോലി ചെയ്യുന്ന അജ്മലിന് സന്തോഷ് ട്രോഫി കേരള ടീമിൽ കളിക്കണമെന്നത് വലിയ ആഗ്രഹമാണ്. ഭാവിയിൽ അതിനുള്ള അവസരങ്ങൾ ഉണ്ടാവുമെന്നാണ് അജ്മലിന്റെ പ്രതീക്ഷ. അടുത്ത നാല് മാസം കഴിഞ്ഞാൽ അഹമദാബാദിൽ നിന്ന് കോഴിക്കോട്ടേക്ക് ജോലിയിൽ ട്രാൻസ്ഫ‌ർ ലഭിക്കാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ഇവിടെയുള്ള മത്സരങ്ങളിലും കൂടുതൽ പങ്കെടുക്കാനാവും.

ക്രിക്കറ്റാണ് ഗുജറുത്താകാരുടെ മെയിൻ

മലപ്പുറത്തുകാർ ഫുട്ബാൾ ഹൃദയത്തിലേറ്റുന്ന പോലെ ഗുജറാത്തുകാർക്ക് ക്രിക്കറ്റാണ് പ്രധാനം. ഫുട്ബാളിന് രണ്ടാമതാണ് സ്ഥാനം. എങ്കിലും ഫുട്ബാൾ മികവുറ്റതാക്കാൻ അവിടെ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഞങ്ങളുടെ കോച്ച് മാർസലീനോ പെരേര വലിയ പിന്തുണ നൽകുന്നുണ്ടെന്നും അജ്മൽ പറയുന്നു. 37 വർഷങ്ങൾക്ക് ശേഷം ഗുജറാത്ത് ആദ്യമായാണ് ഫൈനൽ റൗണ്ടിലെത്തുന്നത്. അതും കരുത്തരായ ഗോവയെ തോൽപ്പിച്ച്. അത് തന്നെ ഭാഗ്യമായി കരുതുന്നു. ഫുട്ബാളിൽ എല്ലാവരും ഒരു പോലെ കളിച്ചാലാണ് വിജയിക്കാനാവുക. കോച്ചിന്റെ സാന്നിദ്ധ്യത്തിൽ അതിനുള്ള ഊർജവും ലഭിച്ചിട്ടുണ്ടെന്ന് അജ്മൽ പറഞ്ഞു.