
മലപ്പുറം: കുപ്പായം മാറും പോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും ഇക്കാര്യത്തിൽ മുന്നണിക്കും പാർട്ടിക്കും യാതൊരു അവ്യക്തതയുമില്ലെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാക്കാമെന്നാവാം ജയരാജൻ കരുതിയത്. അതിപ്പോൾ ചക്കിന് വച്ചത് കൊക്കിന് കൊണ്ട പോലെയായി. കോൺഗ്രസുമായി ലീഗിനുള്ള ബന്ധം കാലത്തിന്റെ വെല്ലുവിളി നേരിടാനാണ്. ദേശീയതലത്തിൽ കോൺഗ്രസില്ലാതെ ഒന്നും നടക്കില്ല.
ലീഗ് എല്ലാവർക്കും അക്കരപ്പച്ചയാണെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ഉത്തരവാദിത്വം. ദേശീയ തലത്തിൽ യു.പി.എയും ശക്തിപ്പെടണം.
സി.പി.എമ്മുമായി ധാരണയുടെ പ്രശ്നം ഉദിക്കുന്നേയില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പറഞ്ഞു. ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടാൻ ഉശിരുള്ള വർത്തമാനം പറയുമെങ്കിലും കർമ്മത്തിൽ ഉപദ്രവിക്കലാണ് സി.പി.എം ചെയ്യുന്നത്.