
മലപ്പുറം: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും കുടിലുകൾ കടലെടുക്കുമെന്ന മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ആശ്വാസമായി പുനർഗേഹം പദ്ധതി. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കാനായി സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ ഈ പദ്ധതിയിലൂടെ പൊന്നാനിയിൽ മാത്രം 12.80 കോടി രൂപ വിനിയോഗിച്ച് 108 സുരക്ഷിത സ്‌നേഹഭവനങ്ങളാണ് (ഫ്ളാറ്റ് സമുച്ചയം) നിർമിച്ചു നൽകിയത്. രണ്ട് ബെഡ് റൂം, ലിവിംഗ് റൂം, അടുക്കള, ഡൈനിംഗ് ഹാൾ, ബാത്ത് റൂം സൗകര്യങ്ങളാണ് ഓരോ ഫ്ളാറ്റിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് പഠിക്കുന്നതിനും തൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനും സൗകര്യമുണ്ട്. പൊന്നാനി ഹാർബർ പ്രദേശത്തെ രണ്ടേക്കറിൽ 16 ബ്ലോക്കുകളിലായി 530 സ്‌ക്വയർ ഫീറ്റിലാണ് ഫ്ളാറ്റ് സമുച്ചയം. ജില്ലാ തല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ച 108 കുടുംബങ്ങളാണ് നിലവിൽ പുനർഗേഹം പദ്ധതി പ്രകാരം പണിത പുതിയ ഭവനങ്ങളിലേക്ക് താമസം മാറിയത്. മറ്റുള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ ഭവനങ്ങളുടെ താക്കോൽ കൈമാറും.
പദ്ധതിയും നടത്തിപ്പും
നിറമരുതൂരിൽ ഭവന നിർമാണം വിവിധ ഘട്ടങ്ങളിലാണ്. തീരദേശത്ത് സർവേ നടത്തി വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുളളിൽ താമസിക്കുന്നവരെ കണ്ടെത്തി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലാകെ 1806 കുടുംബങ്ങളെയാണ് സർവെയിലൂടെ പദ്ധതിയിൽ പരിഗണിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ മാറി താമസിക്കാൻ സമ്മതം അറിയിച്ച 1143 ഗുണഭോക്താക്കളെ ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇവരിൽ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തിയ 341 ഗുണഭോക്താക്കളുടെ ഭൂമിയുടെ വില നിർണയം ജില്ലാതല മോണിറ്ററിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ 157 ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിച്ച് ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. 150 കുടുംബങ്ങൾ ഭവന നിർമാണത്തിന്റെ ആദ്യ ഘട്ടവും 111 കുടുംബങ്ങൾ രണ്ടാം ഘട്ടവും 87 കുടുംബങ്ങൾ മൂന്നാം ഘട്ടവും പ്രവൃത്തി പൂർത്തീകരിച്ചു. നിലവിൽ തീരദേശ വേലിയേറ്റ രേഖയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരും ഫിഷറീസ് വകുപ്പ് തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാത്തവരും ഉണ്ടെങ്കിൽ ജില്ലാതല അപ്രൂവൽ കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി വ്യത്യസ്ത ലിസ്റ്റിൽ ഉൾപ്പെടുത്തി അംഗീകരിക്കാവുന്നതാണെന്ന് മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. 2018- 19 മുതൽ 202122 വരെയുളള മൂന്ന് വർഷ കാലയളവിനുള്ളിൽ സുരക്ഷിത മേഖലയിലേക്ക് മാറാൻ സന്നദ്ധത അറിയിച്ച മുഴുവൻ പേരെയും പുനരധിവസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നാനിയിൽ 13.35 കോടി രൂപ ചെലവിൽ 100 ഫ്ലാറ്റുകൾ കൂടി നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചാൽ ഉടൻ നടപടികൾ സ്വീകരിക്കും. നിറമരുതൂർ പഞ്ചായത്തിലെ ഉണ്ണ്യാലിൽ 1.99 ലക്ഷം രൂപ ചെലവിൽ 16 ഫ്ലാറ്റുകൾ പണിയുന്നതിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
- എം.ചിത്ര, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ