
മലപ്പുറം: ഗാലറിയെ ആവേശക്കടലാക്കുന്ന മലപ്പുറത്തെ ഫുട്ബാൾ പ്രേമികൾ പകർന്നു നൽകിയ ഊർജ്ജം കാലുകളിലാവാഹിച്ച് കുതിച്ച കേരളത്തിന്റെ ചുണക്കുട്ടൻമാർ ഇത്തവണ സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായിരിക്കുകയാണ്. കളിച്ച നാല് മത്സരങ്ങളിൽ മുന്നെണ്ണത്തിൽ വിജയിച്ചും ഒരു കളിയിൽ സമനില പാലിച്ചുമാണ് കേരളം സെമിയിലെത്തിയത്. രാജസ്ഥാനെതിരെ ക്യാപ്ടൻ ജിജോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളിന്റെ ജയവുമായി ഗംഭീരമായാണ് കേരളം തുടങ്ങിയത്.
തുടർന്ന് ബംഗാളിനേയും കീഴടക്കിയ കേരളത്തെ എന്നാൽ മേഘാലയ 2-2ന് സമനിലയിൽ പിടിച്ചത് നമ്മുടെ ദൗർബല്ല്യങ്ങൾ തുറന്നുകാട്ടുന്നതായി.
നിർണായകമായ അവസാന മത്സരത്തിൽ പഞ്ചാബിനോട് 2-1ന് വിജയിച്ചാണ് കേരളം സെമി ടിക്കറ്റുറപ്പിച്ചത്. ക്യാപ്ടൻ ജിജോ ജോസഫായിരുന്നു രണ്ട് ഗോളുകളും നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയിലെത്തുമ്പോൾ 10 പോയിന്റും 11 ഗോളുകളുമാണ് അക്കൗണ്ടിലുള്ളത്. കേരളത്തിന് 28ന് നടക്കുന്ന സെമി കടക്കണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ വേണമെന്ന സന്ദേശവും ഗ്രൂപ്പ് ഘട്ടം നൽകുന്നു.
പ്രതിരോധം
ശക്തിപ്പെടുത്തണം
കേരളത്തിന്റെ അവസാന രണ്ട് മത്സരങ്ങളിൽ പ്രതിരോധ നിരയുടെ പാളിച്ചകളുണ്ടായിരുന്നു. പ്രതിരോധ നിരയുടെ പാളിച്ചകൾ തിരുത്തിയാൽ മാത്രമേ കേരളത്തിന് സെമി കടന്ന് ഫൈനലിലെത്താനാവു. മേഘാലയയുമായുള്ള മത്സരത്തിൽ കേരളത്തിന്റെ മുന്നേറ്റ നിര നന്നായി കളിച്ചപ്പോൾ അതിനൊത്ത് പ്രതിരോധ നിര സജ്ജമായിരുന്നില്ല.
പഞ്ചാബിനെതിരെ മത്സരത്തിൽ മുന്നേറ്റ നിര ശക്തമായി ആക്രമിച്ച് കളിച്ചപ്പോഴും പ്രതിരോധ നിര താളം കണ്ടെത്താൻ സമയമെടുത്തു. മുന്നേറ്റനിരയിലെ ഫിനിഷിംഗിലെ പിഴവും പരിഹരിക്കപ്പെടണം. കഴിഞ്ഞ നാല് മത്സരങ്ങളിലും ടീമിലെ സ്ട്രൈക്കർ വിക്നേഷിന് ഗോൾ നേടാനാവത്തത് കേരളത്തിന് വലിയ തലവേദനയുമാണ്.
നന്ദി മലപ്പുറം
കേരളത്തിന്റെ മത്സരങ്ങൾക്കാി മലപ്പുറം മുഴുവൻ പയ്യനാട്ടെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഗാലറിയിൽ നിന്ന് അവർന്ന് നൽകിയ പോസിറ്റീവ് വൈബായിരുന്നു പലപ്പോഴും കളത്തിൽ കേരളത്തിന്റെ ചാലകശക്തിയായത്. സെമിയിലും കേരളത്തിനായി അലറിവിളിക്കാൻ ഗാലറിയിൽ ആരാധക സമുദ്രം ഉണ്ടാകുമെന്ന് ഉറപ്പാണ്.
മണിപ്പൂർ സെമിയിൽ
മലപ്പുറം: സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കർണാടകയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മണിപ്പൂർ സെമി ഉറപ്പിച്ചു. മണിപ്പൂരിന് വേണ്ടി ലുൻമിൻലെൻ ഹോക്കിപ്പ് രണ്ട് ഗോളുകളും സോമിഷോൺ ഷിറാക് ഒരു ഗോളും നേടി. ലുൻമിലെൻ ഹോക്കിപ്പ് മത്സരത്തിലെ മാൻ ഒാഫ് ദി മാച്ചിനർഹനായി. ഇതോടെ ബി ഗ്രൂപ്പിൽ മണിപ്പൂർ ഒമ്പത് പോയിന്റുകളുമായി ഒന്നാം സ്ഥാനം നില നിർത്തി. ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി കർണാടകക്ക് നാല് പോയിന്റാണ് അക്കൗണ്ടിലുള്ളത്. കർണാടകയുടെ അവസാന മത്സരം 25ന് ഗുജറാത്തുമായാണ്.
19ാം മിനിറ്റിലാണ് മണിപ്പൂർ ആദ്യ ഗോൾ നേടയത്. ലുൻമിൻലെൻ ഹോക്കിപ്പാണ് സ്കോർ ചെയ്തത്. സോമിഷോൺ ഷിറാക് പെനാൽറ്റി ബോക്സിലേക്ക് നൽകിയ പന്ത് ലുൻമിൻലെൻ ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്ന് കർണാടക മണിപ്പൂരിന്റെ ഗോൾ മുഖത്തേക്ക് നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. രണ്ട് തവണ മണിപ്പൂർ കർണാടകയുടെ ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു. 42ാം മിനിറ്റിൽ മണിപ്പൂരിന് വേണ്ടി ഹോക്കിപ്പ് രണ്ടാം ഗോളും നേടി. തൊട്ടു പിന്നാലെ 44ാം മിനിറ്റിൽ മണിപ്പൂർ സോമിഷോൺ ഷിറാക്കിലൂടെ മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി കർണാടക കിണഞ്ഞു ശ്രമിച്ചെങ്കിലും മണിപ്പൂർ ഗോളി അതെല്ലാം നിഷ്പ്രഭമാക്കി.
സെമിക്കരികെ ഒഡീഷ
മലപ്പുറം: പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നലെ മഴയത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഗുജറാത്തിനെ തകർത്ത് ഒഡിഷ സെമി പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം പകുതിയുടെ അവസാന പത്ത് മിനിട്ടിലാണ് മൂന്ന് ഗോളുകൾ വീണത്. ഒഡീഷക്കായി ചന്ദ്രമുദുലി ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ റയ്സൺ ടുഡു ഒരു ഗോൾ നേടി.