cc
ഇന്നലെ മഴ പെയ്തപ്പോൾ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഒഡീഷ-ഗുജറാത്ത് മത്സരം

മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നലെ പന്തുരുണ്ടപ്പോൾ പന്തിനൊപ്പം മഴവെള്ളത്തിന്റെ താളവുമുണ്ടായിരുന്നു. സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന ഒഡീഷ -ഗുജറാത്ത് മത്സരം വീക്ഷിക്കാനെത്തിയവർ വാശിയേറിയ മത്സരത്തിനൊപ്പം മഴയും ആസ്വദിച്ചു. മഴയുണ്ടായിരുന്നെങ്കിലും മത്സരം കൃത്യമായ സമയത്ത് ആരംഭിച്ചിരുന്നു. സാധാരണ പയ്യനാട് സ്റ്റേഡിയത്തിൽ ഉണ്ടാവുന്നതിനേക്കാൾ കുറവ് കാണികളാണ് എത്തിയിരുന്നത്. എന്നാൽ കാണാനെത്തിയവർ കളി കഴിഞ്ഞ് മാത്രമാണ് പോയത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്ന ഗാലറിയിൽ ചിലർ കുട ചൂടിയും കളി കണ്ടു. ഒരു കുടയിൽ മൂന്നും നാലും പേർ ഒരുമിച്ചിരുന്നാണ് മത്സരം കണ്ടിരുന്നത്. മഴയ്ക്കൊപ്പം ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചതോട മത്സരത്തിന്റെ വാശി കൂടുകയും ചെയ്തു. രണ്ടാം പകുതിക്ക് ശേഷമാണ് മഴയ്ക്ക് ശമനമുണ്ടായത്.