മലപ്പുറം: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തിയ 780 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ വേങ്ങരയിൽ പൊലീസിന്റെ പിടിയിലായി. വിപണിയിൽ ഇതിന് ഒന്നരക്കോടി രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ് (34), കരിക്കണ്ടിയിൽ മുഹമ്മദ് അഷറഫ് (34) എന്നിവരാണ് അറസ്റ്റിലായത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്, വേങ്ങര സി.ഐ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയിലാണ് വേങ്ങര കുറ്റാളൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്.
ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് യൂസ്ഡ് കാർ വിൽപ്പനയുടെ മറവിലാണ് സംഘം കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നത്. എസ്.ഐ. സി.കെ. നൗഷാദ്, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം. മനോജ് കുമാർ, എൻ.ടി. കൃഷ്ണകുമാർ, കെ. ദിനേഷ്, കെ. പ്രഭുൽ, ജിനീഷ്, വേങ്ങര സ്റ്റേഷനിലെ എ.എസ്.ഐമാരായ അശോകൻ, മുജീബ് റഹ്മാൻ, സി.പി.ഒമാരായ അനീഷ്, വിക്ടർ, ആന്റണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.