മലപ്പുറം: നിർമ്മാണം പൂർത്തീകരിച്ച തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. തവനൂർ കൂരടയിൽ ജയിൽ വകുപ്പിനു കീഴിലുള്ള 8.62 ഏക്കർ ഭൂമിയിൽ മൂന്ന് നിലകളിലായാണ് ജയിൽ സമുച്ചയം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിർമാണം തുടങ്ങിയെങ്കിലും പിന്നീട് സെൻട്രൽ ജയിലാക്കി ഉയർത്തുകയായിരുന്നു.
ജയിലിന്റെ നിർമാണ പ്രവൃത്തികൾ 95 ശതമാനവും പൂർത്തീകരിച്ചിട്ടുണ്ട്. 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
നിർമാണം പുരോഗമിക്കുന്നവ
കെട്ടിടത്തിന്റെ പെയിന്റിങ് ജോലികളും കവാടത്തിന്റെ നിർമാണവും പുരോഗമിക്കുന്നു
ജയിൽ സമുച്ചയത്തിലേക്ക് ആവശ്യമായ ശുദ്ധജലമെത്തിക്കാൻ ഭാരതപ്പുഴയോരത്ത് ജലവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേകം കിണർ നിർമാണം ആരംഭിച്ചു.
ഇത് പൂർത്തിയായാൽ പൈപ് ലൈൻ സ്ഥാപിച്ച് ജയിലിലേക്ക് വെള്ളമെത്തിക്കും.
ജലശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും, അതുവരെ ജലഅതോറിറ്റിയുടെ നിലവിലുള്ള കണക്ഷനെ ആശ്രയിക്കും.
സി.സി.ടി.വി, വീഡിയോ കോൺഫറൻസ് സംവിധാനത്തിനൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കളയും സജ്ജീകരിക്കും
അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും എത്തിച്ചുത്തുടങ്ങി.
വൈദ്യുതി കണക്ഷൻ കഴിഞ്ഞ മാസം ലഭിച്ചു
സെൻട്രൽ ജയിലിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമന അംഗീകാരം നേരത്തേ ലഭിച്ചിരുന്നു