
പൊതുജനങ്ങൾക്ക്പരാതി നൽകാം 8281698086 .
'ജാഗ്രത ഡ്രൈവ് ' പരിശോധന ആരംഭിച്ചു.
പാലക്കാട്: വേനൽ കടുത്തതോടെ കടകളിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് മാക്സിമം റീട്ടെയിൽ പ്രൈസിൽ (എം.ആർ.പി) കൂടുതൽ വില ഈടാക്കിയാൽ ഇനി നടപടി. ഇതിന്റെ ഭാഗമായി ജില്ലയിൽ ലീഗൽമെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ 'ജാഗ്രത ഡ്രൈവ് ' പരിശോധന ആരംഭിച്ചു. പലകടകളിലും തണുപ്പിച്ച കുപ്പിവെള്ളത്തിന് എം.ആർ.പിയിൽ കൂടുതൽ വില ഈടാക്കുന്നതായും എം.ആർ.പി രേഖപ്പെടുത്താത്തതുമുള്ള പരാതിയെ തുടർന്നാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒരുലിറ്റർ കുപ്പിവെള്ളത്തിന് ഏത് കമ്പനിയുടേതായാലും 20 രൂപയാണ് പരമാവധി ഈടാക്കുന്ന വില. എന്നാൽ തണുപ്പിച്ച വെള്ളത്തിന് 25 രൂപവരെ ഈടാക്കുന്നതായാണ് പരാതി. ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ആറ് താലൂക്കുകൾ കേന്ദ്രീകരിച്ച് ഒരോ സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. ഓഫീസ് ഇൻസ്പെക്ടറും രണ്ട് അസി.ഇൻസ്പെക്ടറും ഉൾപ്പെടെ മൂന്ന് പേരാണ് ഒരു സ്ക്വാഡിലുള്ളത്. വേനൽ കടുത്തതോടെ അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽ നിന്നുള്ള വിവിധ കമ്പനികളുടെ പേരിൽ വലിയ തോതിലാണ് കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. അതിനാൽ പരാതികളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് ജില്ലാ ലീഗൽമെട്രോളജി വകുപ്പിന്റെ 8281698086 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഒരു ലിറ്ററിന്റെ കുപ്പിയിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വില വാങ്ങിയാൽ 5000 രൂപ പിഴ ഈടാക്കുകയും സ്ഥാപനത്തിനെതിരെയും മാനുഫാക്ച്ചറിംഗ് യൂണിറ്റിനെതിരെയും കേസ് രജിസ്റ്റർ ചെയ്യും. ജാഗ്രത ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ 4000 കടകൾ പരിശോധിച്ച് ഏപ്രിൽ 30നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം. നിലവിൽ 250 കടകളിൽ പരിശോധന പൂർത്തിയാക്കി. ഇതുവരെ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ജില്ലാ ലീഗൽ മെട്രോളജി വകുപ്പ്, പാലക്കാട്.
ഗുണനിലവാര പരിശോധനയും ശക്തം
വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണോയെന്ന് അറിയാനായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ മൈക്രോബയോളജി സാബിൾ എടുത്താണ് പരിശോധന. ടാങ്കർ ലോറികളിലെ കുടിവെള്ളത്തിനു പുറമെ, ജ്യൂസ് കടകൾ, ഹോട്ടലുകൾ, മറ്റ് പാനീയങ്ങൾ വിൽക്കുന്ന കടകൾ എന്നിവയിലാണ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ജില്ലയിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. ജലവിതരണം ചെയ്യുമ്പോൾ രജിസ്‌ട്രേഷൻ നമ്പറും ലൈസൻസും വാഹനത്തിൽ സൂക്ഷിക്കണം. കൂടാതെ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റും ഉണ്ടാകണം. വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇല്ലെന്ന് കണ്ടെത്തിയാൽ വിതരണം നിർത്തിവയ്ക്കും.
വി.കെ.പ്രദീപ് കുമാർ, ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ