kallur-balan

പാലക്കാട്: കാട്ടിലെ മൃഗങ്ങൾക്ക് വിശപ്പടക്കാൻ 'കല്ലൂർ ബാലൻ' ഓരോ ദിവസവും ശേഖരിച്ച് നൽകുന്നത് അഞ്ഞൂറോളം കിലോ പഴം, പച്ചക്കറി. ബാലേട്ടന്റെ വാഹനത്തിന്റെ ശബ്ദം കേൾക്കുമ്പോഴേ കുരങ്ങും മുയലും മയിലും കാട്ടുപന്നികളും കാടിറങ്ങിവരും. രാവിലെ എട്ടുമണിയോടെ സ്വന്തം ജീപ്പിൽ പുറപ്പെടുന്ന ബാലേട്ടൻ അമ്പതു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് അയ്യർമല, കിണാവല്ലൂർ, വഴുക്കപ്പാറ, മുണ്ടൂർ, ധോണിമല, വാളയാർ വനമേഖലകളിലെ പക്ഷി, മൃഗാദികളെ അന്നമൂട്ടിയും വൃക്ഷത്തൈകൾ നട്ടും തിരിച്ചെത്തുമ്പോൾ സൂര്യൻ അസ്തമിച്ചിരിക്കും.

2000ൽ തുടങ്ങിയതാണ് ‌ഈ ജീവിതചര്യ. ഇന്ന് എഴുപത്തിമൂന്നാം പിറന്നാളാണെങ്കിലും അതിനു മാറ്റമില്ല.

കേടായിത്തുടങ്ങിയെങ്കിലും കഴിക്കാവുന്ന ആപ്പിൾ, മാതളം, ഓറഞ്ച്, പേരയ്ക്ക, വാഴപ്പഴം, തണ്ണിമത്തൻ, ചക്ക, പച്ചക്കറികൾ തുടങ്ങിയവ സൗജന്യമായാണ് പാലക്കാട് വലിയ അങ്ങാടി മുതൽ ഒറ്റപ്പാലംവരെയുള്ള മൊത്തവ്യാപാരികൾ നൽകുന്നത്. പരിചയക്കാർ ജീപ്പിന് ഇന്ധനമടിക്കാനുള്ള പണവും നൽകും.

രാവിലെ മലകയറ്റവും യോഗയും കഴിഞ്ഞ്, ആറോടെ അന്നം ശേഖരിക്കാൻ ജീപ്പെടുത്തിറങ്ങും. തിരിച്ചെത്തി പ്രഭാത ഭക്ഷണം കഴിച്ചശേഷം കാട്ടുമൃഗങ്ങളുടെ അരികിലേക്ക്. അരങ്ങാട്ടിൽ വേലു ബാലകൃഷ്ണൻ നാട്ടുകാർക്ക് ബാലേട്ടനാണ്. ഭാര്യ: ലീല. മക്കൾ: രാജേഷ്, രതീഷ്, രജനീഷ്. അലൂമിനിയം ഫാബ്രിക്കേഷൻ, ലെയ്ത്ത്, എ.സി മെക്കാനിസം എന്നിവയാണ് മക്കളുടെ പ്രവർത്തന മേഖല.

 20 ലക്ഷം തൈ നട്ടു, ഒരു കോടി ലക്ഷ്യം

കേരളശ്ശേരി സ്‌കൂളിൽ നിന്നു പത്താംക്ലാസ് കഴിഞ്ഞതോടെ കള്ളു കച്ചവടം നടത്തിയിരുന്ന അച്ഛനോടൊപ്പം കൂടിയ ബാലകൃഷ്ണൻ, വളംഡിപ്പോ, പത്ര ഏജന്റ്, നെല്ല് ഏജന്റ്, തേങ്ങ - കൊപ്ര കച്ചവടം തുടങ്ങിയവയിലെല്ലാം ഒരുകൈ നോക്കി. കുട്ടികൾ വളർന്നപ്പോൾ പ്രകൃതിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നൊരു തോന്നൽ. അങ്ങനെ മരം നടാൻ ഇറങ്ങി. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി ഇതിനോടകം 20 ലക്ഷത്തോളം തൈകൾ നട്ടു. വേഷത്തിലും ഹരിതമയം. പച്ചലുങ്കി, പച്ചഷർട്ട്, പച്ച തലക്കെട്ട്.

 ഗിന്നസിലും എത്തിയേക്കും

വനംമിത്ര, കേരളമിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമിമിത്ര തുടങ്ങിയ അവാർഡുകൾ നേടിയ ബാലേട്ടൻ ഗിന്നസ് ബുക്കിന്റെ പടിവാതിൽക്കലാണ്. രണ്ടു പതിറ്റാണ്ടിലേറെയായി മരംവച്ചു പിടിപ്പിക്കുന്ന പ്രവൃത്തിയാണ് പരിഗണിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പരിസ്ഥിതി ബഹുമതിയായ പ്രിയദർശിനി പുരസ്കാരത്തിനും വനംവകുപ്പ് നോമിനേറ്റ് ചെയ്തിട്ടുണ്ട്.