paddy

പാലക്കാട്: ഇനി സപ്ലൈകോ നെല്ല് സംഭരിക്കുമ്പോൾ ജില്ലയിൽ ഏക്കറിനു 2500 കിലോയ്ക്കു മുകളിൽ വിളവ് ലഭിച്ച കർഷകരിൽനിന്നു മാത്രം അധിക ഉല്പാദനം സംബന്ധിച്ച സാക്ഷ്യപത്രം വാങ്ങിയാൽ മതിയെന്ന സപ്ലൈകോയുടെ പുതിയ ഉത്തരവ് കർഷകർക്ക് ആശ്വാസം നൽകുന്നു. നേരത്തെ ഇത് 2200 കിലോ എന്ന പരിധിയിലാണ് നെല്ല് സംഭരിച്ചിരുന്നത്. ഇത് രണ്ടാംവിളയിൽ അധിക വിളവ് ലഭിച്ച കർഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. വിഷയത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ മന്ത്രി ജി.ആർ.അനിലിന് നിവേദനം നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജില്ലയിൽ രണ്ടാംവിളയിൽ ഉയർന്ന വിളവ് ലഭിച്ചെന്ന് കണ്ടെത്തിയതോടെയാണ് ഏക്കറിനു 2500 കിലോവരെ സാക്ഷ്യപത്രം ഇല്ലാതെ തന്നെ നെല്ലെടുക്കാൻ സപ്ലൈകോ രേഖാമൂലം അനുമതി നൽകിയത്. ഇത്തവണ രണ്ടാംവിളയിൽ മിക്ക കർഷകർക്കും 2500– 2700 കിലോവരെ ശരാശരി ഉല്പാദനം ലഭിച്ചിട്ടുണ്ട്.

സാക്ഷ്യപത്രം ഓൺലൈൻ വഴി

2500 കിലോയ്ക്ക് മുകളിലുള്ള നെല്ലെടുക്കാൻ കൃഷിവകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം വേണം. എന്നാൽ കൃഷി ഓഫീസർ ഒപ്പിട്ട സാക്ഷ്യപത്രം കർഷകർ നേരിട്ട് ഹാജരാക്കേണ്ടതില്ല. അധികനെല്ല് ഉണ്ടെങ്കിൽ അക്കാര്യം കൃഷി ഓഫീസറെ ഓൺലൈനായി അറിയിച്ച് ഓൺലൈനായിതന്നെ സാക്ഷ്യപത്രം കൈപ്പറ്റാം. 2500 കിലോയിൽ കൂടുതൽ വരുന്ന മുഴുവൻ നെല്ലും ഓൺലൈൻ സാക്ഷ്യപത്രത്തിന്റെ അടിസ്ഥനത്തിൽ അളക്കാം. ഓൺലൈൻ സാക്ഷ്യപത്രം ലഭിക്കുന്ന ഉടൻ പി.ആർ.എസ് (പാഡി രസീറ്റ് ഷീറ്റ്) പാഡി മാർക്കറ്റിം ഓഫീസർ അംഗീകരിക്കും.

പി.ആർ.എസ് ഉടൻ ലഭ്യമാക്കണം

ജില്ലയിൽ നെല്ല് സംഭരണം പുരോഗമിക്കുന്നുണ്ടെങ്കിലും പലഭാഗത്തും കർഷകർക്ക് പി.ആർ.എസ് വൈകുന്നുണ്ട്. പി.ആർ.എസ് ഹാജരാക്കിയാലേ കർഷകർക്ക് സംഭരണ തുക അക്കൗണ്ടിൽ ലഭിക്കുകയുള്ളൂ. വിഷു കഴിഞ്ഞാലുടൻ ഒന്നാംവിളയുടെ ഒരുക്കങ്ങൾ ആരംഭിക്കും. അതിന് മുമ്പ് നെല്ലിന്റെ വില ലഭിച്ചില്ലെങ്കിൽ കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാകും ഉണ്ടാകുക.