duplicate

പാലക്കാട്: അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളും കളർകോഡും ലോഗോയും ഉപയോഗിച്ച് ജില്ലയിലുടനീളം പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾ സമർപ്പിക്കുന്ന രേഖകൾ സുരക്ഷിതമാണ്. എന്നാൽ വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ നൽകുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് നിർദ്ദേശം. വ്യക്തിഗത വിവരങ്ങളുമായി അപേക്ഷ സമർപ്പിക്കാൻ പോകുന്ന കേന്ദ്രങ്ങൾ യഥാർത്ഥ അക്ഷയ കേന്ദ്രങ്ങളാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്ന് കളക്ടർ അറിയിച്ചു.

വിവിധ സർക്കാർ, സർക്കാരിതര ഓൺലൈൻ സേവനങ്ങൾ നൽകാൻ പഞ്ചായത്തിലെ നിലവിലെ അക്ഷയ കേന്ദ്രങ്ങൾ അപര്യാപ്തമാണെങ്കിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആവശ്യപ്പെട്ട് ജില്ലാ ഇ- ഗവേണൻസ് സൊസൈറ്റിയിലേക്ക് കത്ത് നൽകിയാൽ മാനദണ്ഡങ്ങൾക്ക് വിധേയമായി പുതിയ അക്ഷയകേന്ദ്രങ്ങൾ അനുവദിക്കും. പുതിയ ഓൺലൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ ലൈസൻസിൽ പരാമർശിച്ച സേവനങ്ങൾ മാത്രമാണോ നൽകുന്നതെന്ന് പരിശോധിക്കണം. ലൈസൻസ് നൽകുമ്പോൾ അക്ഷയക്ക് സമാനമായ പേര്, കളർകോഡ് എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.

നടപടി പരാതി ലഭിച്ചതിനെ തുടർന്ന്

മിക്ക ഓൺലൈൻ കേന്ദ്രങ്ങളും ഡി.ടി.പി ജോലികൾ, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങൾ നൽകാൻ ലൈസൻസ് വാങ്ങിയതിന് ശേഷം വിവിധ സർക്കാർ സേവനങ്ങൾ സ്വകാര്യ ഐ.ഡി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ നടപടി എടുക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.