kathakali

പട്ടാമ്പി: നീണ്ട ഇടവേളക്കുശേഷം കഥകളി അരങ്ങിൽ നിറസാന്നിദ്ധ്യമാകുകയാണ് കലാമണ്ഡലം ഗോപി. പട്ടാമ്പി ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ കൃഷ്ണനായാണ് എൺപത്തിയഞ്ചാം വയസിൽ വേഷമിടുന്നത്. മീനത്തിലെ കാർത്തിക നിറമാല മഹോത്സവത്തിലെ കലാമണ്ഡലം ട്രൂപ്പ് അവതരിപ്പിക്കുന്ന മുഴു രാത്രിക്കളിയിൽ വിശിഷ്ട ക്ഷണിതാവാണ് നടനകുബേരൻ പച്ച വേഷത്തിലെ കുചേല വൃത്തത്തിലെ കൃഷ്ണനായി അരങ്ങിലെത്തിയത്.

കൊവിഡിനെ തുടർന്ന് രണ്ടുവർഷമായി അരങ്ങത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു ഗോപിയാശാൻ. 2020 അഷ്ടമി രോഹിണിക്ക് ആലപ്പുഴ ജില്ലയിലെ ഏവൂരിൽ രണ്ടുതവണ നടന്ന അരങ്ങേറ്റത്തിന് ശേഷമുള്ള ആദ്യത്തെ പ്രവേശമാണ് ഞാങ്ങാട്ടിരിയിൽ നടന്നത്.

ഭക്തിസാന്ദ്രമായ വേഷംതന്നെ ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ഗുരുവായൂരപ്പ ഭക്തൻകൂടിയായ ഗോപിയാശാൻ പറയുന്നത്. കല്ലുവഴി സമ്പ്രദായത്തിലെ ആചാര്യന്മാരായ രാമൻകുട്ടി നായർ, പദ്മനാഭൻ നായർ എന്നിവരിൽ നിന്നാണ് കലാമണ്ഡലത്തിൽ ഗോപി കളിയഭ്യസിച്ചത്. വിദ്യാർത്ഥി ജീവിതത്തിന് പിന്നാലെ അവിടെ തന്നെ ആശാനായി ജോലി ചെയ്ത് 1992ൽ വിരമിച്ചു. കഴിഞ്ഞ മൂന്ന് ദശകങ്ങളായി തൃശൂർ പേരാമംഗലത്ത് താമസിക്കുന്ന ആശാൻ പട്ടാമ്പിക്ക് സമീപം കോതച്ചിറ സ്വദേശിയാണ്. നാടിനടുത്തുള്ള കൂടല്ലൂർ മനയ്ക്കൽ തേക്കിൻകാട്ടിൽ രാമുണ്ണിനായർ ആയിരുന്നു ആദ്യഗുരു.

ഫോട്ടോ...ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ കലാമണ്ഡലം ഗോപി അവതരിപ്പിച്ച കഥകളി