
നെന്മാറ: നെന്മാറ - വല്ലങ്ങി വേല കാണാനെത്തിയവർ ബസിന് മുകളിൽ യാത്രചെയ്ത സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. ബസിൽ തിരക്കായതോടെയാണ് വേലയ്ക്കെത്തിവർ ബസിന് മുകളിൽ ഇരുന്ന് യാത്രചെയ്തത്. ഇവർക്ക് അരികിലെത്തി ടിക്കറ്റ് നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.
ഞായറാഴ്ച നടന്ന നെന്മാറ - വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ട് കണ്ട് മടങ്ങുന്നതിനിടെയാണ് യാത്രക്കാർ ബസിന് മുകളിൽ കയറിയത്.
ഇവർക്ക് ടിക്കറ്റ് നൽകുന്നതിന് കണ്ടക്ടറും മുകളിൽ കയറുകയായിരുന്നു. ഇത് സമീപത്ത് നിന്നവരിൽ ഒരാൾ പകർത്തിയ ശേഷം സാമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
അപകടകരമായ രീതിയിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയത് ഗുരുതര വീഴ്ച്ചയാണെന്ന് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തി. സംഭവത്തിൽ രണ്ട് ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനൊപ്പം ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസും റദ്ദാക്കാനുമാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.