fruit

പാലക്കാട്: വേനൽച്ചൂടിന് പിന്നാലെ റംസാൻ നോമ്പും ആരംഭിച്ചതോടെ പഴവിപണി ചൂടുപിടിച്ചു. രണ്ടാഴ്ചയ്ക്കിടെ 30 രൂപയുടെ വിലവർദ്ധനവാണ് പഴവിപണിയിലുണ്ടായത്. സംസ്ഥാനത്തേക്കുള്ള പഴങ്ങളുടെ വരവ് കുറഞ്ഞതും ഉപയോഗം കൂടിയതുമാണ് വിലവർദ്ധനവിന് കാരണം. ചൂടിന്റെ കാഠിന്യവും ജലക്ഷാമവും തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പഴ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രാദേശികമായ ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി. ഹോർട്ടികോർപ്പിൽ പൊതുവിപണിയേക്കാൾ വിലക്കുറവുണ്ടെങ്കിലും എല്ലാ ഇനം പഴങ്ങളും ഇവിടെ ലഭ്യമല്ല.

ഒരുമാസം മുമ്പ് കിലോയ്ക്ക് 30 രൂപയായിരുന്ന ഏത്തപ്പഴത്തിന്റെ വില ഇപ്പോൾ 65 രൂപയായി ഉയർന്നു. ഞാലിപ്പൂവൻ പഴത്തിന്റെ വില 30ൽ നിന്ന് 68 ആയി. ഓറഞ്ചിന് 30രൂപയിൽ നിന്ന് 100ഉം ആപ്പിളിന് 140ൽ നിന്ന് 240 രൂപയുമായി വർദ്ധിച്ചു. നോമ്പ് തുറയ്ക്കുള്ള പ്രധാന ഇനങ്ങളായ കാരയ്ക്ക, ഈന്തപ്പഴം എന്നിവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. അടിക്കടിയുള്ള ഇന്ധന വില വർദ്ധനവ് മൂലം വാഹനവാടക കൂടുന്നതും വിലവർദ്ധനവിന് കാരണമാകുന്നു.

വിലകയറ്റം കൃത്രിമമെന്ന്

ചൂട് കാലത്ത് കൂടുതൽ ഡിമാൻഡുള്ള മുന്തിരി, ആപ്പിൾ ഇനങ്ങൾ കൂടുതൽ സംഭരിച്ച് വെച്ച് മൊത്തവ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. ചെറുകിടക്കാർ ആവശ്യപ്പെടുന്ന അത്രയും തൂക്കം നൽകാതെ സ്റ്റോക്ക് കുറവാണെന്ന് പറഞ്ഞാണ് വില വർദ്ധിപ്പിക്കുന്നത്. കൂടുതൽ ദിവസം സൂക്ഷിക്കുമ്പോൾ ആപ്പിൾ, പപ്പായ, പഴം എന്നിവ കേടാകുന്നതും പതിവാണ്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നതായി ചെറുകിട കച്ചവടക്കാർ പറയുന്നു.

വില നിലവാരം (കിലോഗ്രാമിന് രൂപയിൽ) (ഇന്നലെ, കഴിഞ്ഞമാസം എന്ന ക്രമത്തിൽ)

ഏത്തപ്പഴം.................65, 30 ഞാലിപ്പൂവൻ.............68, 30 ആപ്പിൾ......................240, 140 ഓറഞ്ച്.....................100, 35 മാതളം......................200, 125 പേരയ്ക്ക ......150, 120 മാങ്ങ........................150, 70 പപ്പായ......................55, 20 ഷമാം........................55, 35 പൈനാപ്പിൾ............70, 30 മുന്തിരി കറുപ്പ്.............. 130, 100 കുരുവില്ലാത്തത്......170,130 പച്ച......................140, 80 തണ്ണിമത്തൻ........28, 15 ഈന്തപ്പഴം........... 400, 280 കാരയ്ക്ക.................... 315 , 260