inogration

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തും സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തുന്ന വജ്രജൂബിലി സൗജന്യ കലാപരിശീലനം ബ്ലോക്കുതല ഉദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ശ്രീകൃഷ്ണപുരം, കരിമ്പുഴ, കാരാകുറിശ്ശി, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, വെള്ളിനേഴി എന്നീ പഞ്ചായത്തുകളിലെ പരിശീലന കേന്ദ്രങ്ങളിൽ മോഹിനിയാട്ടം, തുള്ളൽ, മദ്ദളം, തോല്പാവക്കൂത്ത്, ചിത്രരചന, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിൽ പരിശീലനം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്ന സമ്മേളനം മദ്ദളകേളിയോടെയാണ് ആരംഭിച്ചത്. മദ്ദള വിദ്വാൻ തൃപ്പലമുണ്ട നടരാജവാര്യർ മുഖ്യപ്രഭാഷണം നടത്തി. പി.സുബ്രഹ്മണ്യൻ, രേവതി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നടരാജവാര്യരെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് തോല്പാവക്കൂത്തിന്റെ സോദോഹരണ ക്ലാസും നടന്നു.